കുവൈറ്റ് സിറ്റി : കുവൈറ്റ് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പുവരുത്തും എന്ന് ഇന്ത്യ അറിയിച്ചു. അപകടവിവരം അറിഞ്ഞ് കുവൈറ്റിൽ എത്തിയിട്ടുള്ള വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് തീപിടുത്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരെയും സന്ദർശിച്ചു. രാജ്യം നിങ്ങൾക്ക് ഒപ്പം ഉണ്ടെന്നും എല്ലാവിധ ചികിത്സാസഹായവും ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി അപകടത്തിൽപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും കീർത്തിവർധൻ സിംഗ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മരിച്ചവർ ആരാണെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. പോസ്റ്റ്മോർട്ടം നടപടികളും ഡിഎൻഎ പരിശോധനയും പൂർത്തിയാക്കിയ ശേഷം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എല്ലാവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ദക്ഷിണ കുവൈറ്റിലെ മംഗഫിൽ ഇരുനൂറോളം തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 49 പേർ ആണ് മരിച്ചത്. 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കേരളത്തിൽ നിന്നുള്ളവരാണ്. മലയാളി പ്രവാസിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം ഉണ്ടായത്.
Discussion about this post