ശബ്ദമില്ലാതെത്തി ശത്രുവിന് മേൽ പ്രഹരമാകുന്ന നിശബ്ദ കൊലയാളി… സ്വന്തം അഗ്നിയിൽ ശത്രുവിനെയും ചുട്ടെരിക്കുന്ന ചാവേർ.. നാഗാസ്ത്ര വൺ കരസേനയുടെ ഭാഗമാകുമ്പോൾ ശത്രുരാജ്യങ്ങൾ കരുതിയിരിക്കുകയാകും ഉചിതം. കാരണം നാഗാസ്ത്രയുടെ കണ്ണിൽപ്പെട്ടാൽ ശത്രുക്കൾ് ചാരമാകുമെന്ന് ഉറപ്പ്.
രാജ്യം തദ്ദേശീയമായി നിർമ്മിച്ച നാഗാസ്ത്ര വൺ ഡ്രോണുകൾ കഴിഞ്ഞ ദിവസമാണ് കരസേനയുടെ ഭാഗമായത്. ആദ്യ ബാച്ചിൽ 140 ഡ്രോണുകൾ ഉൾപ്പെടുന്നു. ആക്രമണത്തിന് മുതിരും മുൻപേ ശത്രുരാജ്യങ്ങളെ പ്രതിരോധിക്കുകയാണ് നാഗാസ്ത്ര വൺ സ്വന്തമാക്കുന്നതിലൂടെ കരസേനയുടെ ലക്ഷ്യം.
സൈനികർക്ക് എടുത്ത് കൊണ്ട് നടക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ ചാവേർ ഡ്രോണുകളാണ് നാഗാസ്ത്ര വൺ. ഭീകരരുടെ ലോഞ്ച് പാഡുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ തകർത്തെറിയാൻ ഇവയ്ക്ക് കഴിയും. അതിർത്തിവഴിയുളള ഭീകരരുടെ നുഴഞ്ഞുകയറ്റം പ്രതിരോധിക്കാനും ഇവയ്ക്ക് സാധിക്കും. സൈനികരുടെ സാന്നിദ്ധ്യം ഇല്ലാതെ തന്നെ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാനുള്ള കഴിവാണ് ഇതിലൂടെ സേനയ്ക്ക് ലഭിക്കുന്നത്.
സ്ഥിരമായ ചിറകുകളുള്ള ഇലക്ട്രിക് അൺ മാന്ഡ് ഏരിയൽ വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന നാഗാസ്ത്ര വണ്ണിന് 60 മിനിറ്റ് നേരം തുടർച്ചയായി പറക്കാനുള്ള കഴിവുണ്ട്. മാൻ ഇൻ ലൂപ്പ് മോഡിൽ 15 കിലോ മീറ്റർ ആണ് ഈ ഡ്രോണുകളുടെ ദൂരപരിധി. ഓട്ടോനോമസ് മോഡിൽ 30 കിലോ മീറ്റർ പറക്കാം. രാവും പകലും സൂക്ഷ്മമായ നിരീക്ഷണത്തിനായി നെറ്റ് ആൻഡ് ഡേ ക്യാമറകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളെ പോലെ പോർമുന വഹിക്കുന്നു എന്നതാണ് നാഗാസ്ത്ര വണ്ണിന്റെ മറ്റൊരു സവിശേഷത.
അതിശൈത്യത്തിലും ഡ്രോണുകൾക്ക് ശത്രുക്കളെ വ്യക്തമായി നിരീക്ഷിക്കാനുള്ള ശേഷിയുണ്ട്. ചെങ്കുത്തായ പ്രദേശങ്ങളിലും നാഗാസ്ത്ര വൺ സുഗമമായി പ്രവർത്തിപ്പിക്കാം. ജിപിഎസ് പ്രയോജനപ്പെടുത്തി വളരെ അകലെയുള്ള ലക്ഷ്യത്തെയും തകർത്തെറിയാൻ ഈ ഡ്രോണുകൾക്ക് കഴിയും. മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് നാഗാസ്ത്ര വണ്ണിന് ശബ്ദം കുറവാണ്. ഇതാണ് സൈലന്റ് കില്ലേഴ്‌സ് അഥവാ നിശബ്ദ കൊലയാളി എന്ന വിശേഷണത്തിന് ഇവയെ ഉടമകളാക്കിയത്.
ദൗത്യം പിൻവലിക്കുകയോ, ലക്ഷ്യത്തെ കണ്ടെത്താൻ സാധിക്കുകയോ ചെയ്യാതെ വന്നാൽ തിരികെ വിളിക്കാൻ സാധിക്കും എന്ന കഴിവ് നാഗാസ്ത്ര വണ്ണിനെ വേറിട്ടതാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ പാരച്യൂട്ട് റിക്കവറി സംവിധാനം ഉപയോഗിച്ച് നാഗാസ്ത്ര വണ്ണിനെ സുരക്ഷിതമായി നിലത്ത് ഇറക്കാം. പിന്നീട് ഇവയെ വീണ്ടും ഉപയോഗിക്കാനും സാധിക്കും. നിലവിൽ മറ്റ് രാജ്യങ്ങൾ ഇത്തരത്തിലുള്ള ചാവേർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. അർമേനിയ- അസർബൈജാൻ സംഘർഷം, യുക്രെയ്ൻ- റഷ്യ സംഘർഷം എന്നിവയിൽ ഇവ ഉപയോഗിച്ചിരുന്നു.
അടുത്ത കാലത്ത് അതിർത്തിയിൽ ചൈനയുടെയും പാകിസ്താന്റെയും ഭീഷണി ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ആയിരുന്നു അടിയന്തിരമായി നാഗാസ്ത്ര വാങ്ങാനുള്ള തീരുമാനം. രാജ്യാതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 480 നാഗാസ്ത്ര വണ്ണിന് ആയിരുന്നു കരസേന ഓർഡർ നൽകിയിരുന്നത്. പ്രതിരോധ ആയുധ നിർമ്മാതാക്കളായ എക്കണോമിക്‌സ് എക്‌സ്‌പ്ലോസീവ് ലിമിറ്റഡാണ് നാഗാസ്ത്ര് വണ്ണിന്റെ നിർമ്മാതാക്കൾ. ഓർഡർ നൽകി ഒരു വർഷത്തിനുള്ളിലാണ് 120 എണ്ണം കരസേനയ്ക്ക് നിർമ്മാണ കമ്പനി നൽകിയിരിക്കുന്നത്.
കരസേനയ്ക്ക് കരുത്താകുന്നതിന് പുറമേ പ്രതിരോധ രംഗത്തെ ആത്മനിർഭരത എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്ക്ക് കൂടിയാവുകയാണ് നാഗാസ്ത്ര വൺ. ഇവ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള 75 ശതമാനം സാമഗ്രികളും രാജ്യം തദ്ദേശീയമായി നിർമ്മിച്ചതാണ് എന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ നാഗാസ്ത്ര വൺ സ്വയംപര്യാപ്തതയുടെ മുദ്ര കൂടിയാണ്.










