മഹാരാഷ്ട്രയിലെ പുണെയ്ക്ക് സമീപമുള്ള പ്രശസ്തമായ സിംഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ വസ്ത്രധാരണത്തിന്റെ പേരിൽ സദാചാര ഗുണ്ടകളുടെ ക്രൂരമായ ആക്രമണം. അനുചിതമായ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയായ പെൺകുട്ടിയും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള സഞ്ചാരികളെ രണ്ട് മണിക്കൂറോളം ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പത് പേർക്കെതിരെ ഹവേലി പോലീസ് കേസെടുത്തു. കോട്ട സംരക്ഷണ സമിതിയിലെ പ്രവർത്തകരെന്ന് അവകാശപ്പെട്ടെത്തിയ സംഘമാണ് വിനോദസഞ്ചാരികളെ ആക്രമിച്ചത്.
കോട്ടയിൽ വലിയ തോതിൽ സന്ദർശകർ എത്തിയ വാരാന്ത്യത്തിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പമെത്തിയ എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചത് എന്തിനാണെന്ന് ചോദിച്ച് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയും തർക്കമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് ‘അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ’ ധരിച്ചുവെന്ന് ആരോപിച്ച് അവിടെയുണ്ടായിരുന്ന മറ്റ് സന്ദർശകർക്ക് നേരെയും ഇവർ തിരിഞ്ഞു. വാക്കുതർക്കം പെട്ടെന്ന് തന്നെ കയ്യാങ്കളിയിലേക്ക് മാറുകയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും പോലും പരിഗണിക്കാതെ സംഘം മർദ്ദിക്കുകയുമായിരുന്നു. അക്രമം രണ്ട് മണിക്കൂറോളം നീണ്ടുനിന്നതോടെ ജീവൻ രക്ഷിക്കാനായി വിനോദസഞ്ചാരികൾ പരിഭ്രാന്തരായി ഓടി.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഹവേലി പോലീസ് ഒമ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ കോട്ടകളുടെ സംരക്ഷണത്തിനെന്ന പേരിൽ പ്രവർത്തിക്കുന്ന ചില സ്വയം പ്രഖ്യാപിത സംഘടനകൾ കോട്ടയ്ക്കുള്ളിൽ എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും സ്വന്തം നിലയിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായി സമീപകാലത്തായി വ്യാപക പരാതികളുണ്ട്. ഈ സാഹചര്യത്തിലാണ് സഞ്ചാരികളെ ഭീതിയിലാഴ്ത്തിയ ഗുരുതരമായ ആക്രമണം ഉണ്ടായത്.










