ന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ കോടതി വീഡിയോ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ എത്രയും വേഗം തന്നെ സമൂഹ മാദ്ധ്യമ പേജുകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ഭാര്യ സുനിത കെജ്രിവാളിനോട് കോടതി നിർദേശിച്ചു. വീഡിയോയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളെല്ലാം തന്നെ പിൻവലിക്കണമെന്ന് സോഷ്യൽ മീഡിയ കമ്പനികളോടും കോടതി ഉത്തരവിട്ടു.
മാർച്ച് 28ന് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ വീഡിയോ കോൺഫറൻസിംഗ് ചട്ടങ്ങൾ ലംഗിച്ചെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വൈഭവ് സിംഗ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ എല്ലാ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു. പോസ്റ്റുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് സുനിത കെജ്രിവാൾ. കേസ് പരിഗണിക്കുന്നത് ജൂലൈ 9 ലേക്ക് മാറ്റി.
ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് രണ്ടാം തവണയും കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ, മാർച്ച് 28ന് പ്രത്യേക ജഡ്ജി ജഡ്ജി കാവേരി ബാവേജയെ അരവിന്ദ് കെജ്രിവാൾ നേരിട്ട് അഭിസംബോധന ചെയ്തിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സുനിത കെജ്രിവാൾ ഈ ദൃശ്യങ്ങൾ റി ട്വീറ്റ് ചെയ്തിരുന്നു. സമാന ഉള്ളടക്കമുള്ള വീഡിയോകൾ ശ്രദ്ധയിൽ പെടുന്ന പക്ഷം, ഇവ നീക്കം ചെയ്യണമെന്ന് എക്‌സ്, ഫേസ്ബുക്ക്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയോട് കോടതി നിർദേശിച്ചിട്ടുണ്ട്.








