കോട്ടയം : കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി. തമ്മിൽതല്ലിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. ചിങ്ങവനം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടുള്ളത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ വച്ച് പോലീസുകാർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. സ്റ്റേഷൻ വളപ്പിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പോലീസ് സ്റ്റേഷന് ഉള്ളിൽ വച്ച് ഇരുവരും തമ്മിലടിക്കുകയായിരുന്നു.
പോലീസുകാർ തമ്മിൽ ഉണ്ടായ കയ്യാങ്കളിയിൽ സിപിഒ ആയ ബോസ്കോക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാൾ കുറിച്ചി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു പോലീസുകാരും തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നതാതായാണ് സൂചന. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചിരിക്കുന്നത്.








