ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ -റിയാസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി എന്നും അദ്ദേഹം പറഞ്ഞു.
പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ളതാണ് ജമ്മു കശ്മീരിലെ ചെനാബ് പാലം. ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ കീഴിൽ മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെനാബ് നദിയിൽ നിന്നും 350 മീറ്റർ ഉയരത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ കശ്മീർ താഴ്‌വരയെ മറ്റ് റെയിൽവേ ശ്യംഖലയുമായി ബന്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുകയാണ്.
1315 മീറ്റർ ഓളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത് .28,000 കോടി രൂപയോളം ആണ് പാലം നിർമാണത്തിനായി ചിലവഴിച്ചത്.
കാലത്തിനൊപ്പം അടിമുടി മാറുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, പ്രത്യേകിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേയുടെ പ്രതിഛായ തന്നെ മാറാൻ പോവുകയാണ്. രാജ്യത്തെ സകല ട്രെയിൻ യാത്രക്കാർക്കും സന്തോഷമുള്ള വാർത്തയാണ് ഇത്.








