വിവാഹമോചനത്തിന് കാരണം ആപ്പിൾ കമ്പനിയാണെന്ന് ആരോപിച്ച് കമ്പനിക്കെതിരെ കേസുമായി യുവാവ്. റിച്ചാർഡ് എന്ന യുവാവാണ് മൾട്ടി നാഷണൽ കോർപ്പറേഷനായ ആപ്പിൾ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടു പോയിരിക്കുന്നത്. ആപ്പിൾ കമ്പനിയുടെ സാങ്കേതിക വിദ്യയിലെ തകരാറാണ് തന്റെ വിവാഹ മോചനത്തിന് കാരണമെന്നാണ് യുവാവ് ആരോപിക്കുന്നത്.
ലൈംഗീക തൊഴിലാളിയുമായി യുവാവ് നടത്തിയ ചാറ്റ് ഭാര്യ കണ്ടതാണ് ഡിവോഴ്‌സിന് കാരണമായത്. താൻ നടത്തിയ ചാറ്റുകൾ പിന്നീട് ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആപ്പിളിന്റെ സാങ്കേതിക വിദ്യയിലെ തകരാർ കാരണം ഡിലീറ്റ് ചെയ്ത ഈ ചാറ്റുകൾ ഭാര്യയ്ക്ക് കാണാൻ കഴിഞ്ഞുവെന്ന് യുവാവ് പറയുന്നു.
ഒരു വർഷം മുൻപ് നടത്തിയ ചാറ്റുകളായിരുന്നു ഇവ. ഇത് ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഭാര്യ ഈ ചാറ്റുകൾ വീണ്ടെടുക്കുകയായിരുന്നു. ഇതോടെ വീട്ടിൽ പ്രശ്‌നമായി. ഒടുവിൽ ഇത് വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു.
ഐ മെസേജ് ആപ്പിലൂടെയായിരുന്നു യുവാവ് ചാറ്റിംഗ് നടത്തിയത്. ഇത് അപ്പപ്പോൾ ഡിലീറ്റും ചെയ്തിരുന്നു. എന്നാൽ, ഒരേ ആപ്പിൾ ഐഡിയിൽ ബന്ധിപ്പിച്ച ഐ മാക്ക് വീട്ടിൽ ഉണ്ടായിരുന്നു. ഇവ തമ്മിൽ സിങ്ക് ചെയ്തിരുന്നതിനാൽ തന്നെ ഒരു ഉപകരണത്തിലെ മെസേജ് അടുത്തതിലും കാണാമായിരുന്നു. ഐഫോണിൽ നടത്തിയ ചാറ്റുകൾ ഡിലീറ്റ് ചെയ്തപ്പോൾ അത് മറ്റ് ഉപകരണങ്ങളിൽ നിന്നും ഡിലീറ്റ് ആകുമെന്നാണ് യുവാവ് കരുതിയിരുന്നത്. ഒരു ഉപകരണത്തിൽ നിന്നും ഡിലീറ്റ് ചെയ്യുന്നവ അതുമായി സിങ്ക് ചെയ്തിട്ടുള്ള മറ്റ് ഉപകരണങ്ങളിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടില്ലെന്ന കാര്യം ഉപഭോക്താക്കളെ ആപ്പിൾ കമ്പനി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കേസിനൊരുങ്ങുന്നത്.
വിവാഹ മോചന സമയത്ത് തനിക്ക് നഷ്ടപ്പെട്ട് 53 കോടിയോളം രൂപ തിരികെ നഷ്ടപരിഹാരമായി ആപ്പിൾ നൽകണമെന്നാണ് യുവാവിന്റെ ആവശ്യം. 20 വർഷമായി താൻ വിവാഹിതനായിട്ട്. ഈ ചാറ്റുകൾ ഭാര്യ കണ്ടില്ലായിരുന്നെങ്കിൽ തനിക്ക് കുടുംബ ജീവിതം നയിക്കാമായിരുന്നുവെന്നും ഇയാൾ പറയുന്നു.
Discussion about this post