കണ്ണെഴുതി പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങിയിരുന്ന കാലം എന്നേ കഴിഞ്ഞുപോയി. ഇന്ന് ലെയർ മേക്കപ്പിന്റെ കാലമാണ്. സ്‌കിൻ കെയർ കഴിഞ്ഞ് മോയ്‌സ്ച്വയ്‌സറും സൺസ്‌ക്രീനും കളർകറക്ഷനും ഫൗണ്ടേഷൻ ക്രീമും കോൺഡ്യൂറിംഗും ഐബ്രോ സെറ്റിങ്ങും ഐ മോക്കപ്പും ലിപ് മേക്കപ്പും എല്ലാം ചേർന്ന് മേക്കപ്പ് കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും പുതിയ ആളായി. ഇനി അതല്ല നാച്ചുറൽ മേക്കപ്പ് ലുക്ക് ആണ് ഇഷ്ടപ്പെടുന്നതെങ്കിൽ കൂടി അനേക മേക്കപ്പ് പ്രൊഡക്ട് ഇതിനായി ആവശ്യമുണ്ട്.
എന്നാൽ തുടർച്ചയായ ഈ മേക്കപ്പ് ഉപയോഗം പല അപകടങ്ങളെയും ക്ഷണിച്ചുവരുത്തുന്നുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ക്വാളിറ്റിയില്ലാത്ത ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ചതല്ലാത്ത പ്രൊഡക്ടുകളും ശരീരത്തിന് വലിയ ദോഷം ചെയ്യുന്നു.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ (ഡിസിജിഐ) ശുപാർശ പ്രകാരം മെർക്കുറി അധിഷ്ഠിത സൗന്ദര്യവർദ്ധക വസ്തുക്കൾ നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെർക്കുറിയും അതിന്റെ സംയുക്തങ്ങളും ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളിൽ നിന്ന് മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആഗോള മിനാമത കൺവെൻഷന്റെ നിർദേശങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.ഡിസിജിഐ പാസാക്കിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഒരു പിപിഎമ്മിൽ (പാർട്ട്സ് പെർ മില്യൺ മെർക്കുറി) കൂടുതൽ അടങ്ങിയ എല്ലാ മെർക്കുറി അധിഷ്ഠിത സൗന്ദര്യവർദ്ധക വസ്തുക്കളും നിരോധിക്കുന്നത് സംബന്ധിച്ചാണ് കേന്ദ്രം പരിഗണിക്കുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിൽ മെർക്കുറിയുടെ ഉപയോഗം കർശനമായി നിരുത്സാഹപ്പെടുത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് ഡിസിജിഐ ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ, 2020ലെ കോസ്മെറ്റിക്സ് നിയമപ്രകാരം മെർക്കുറിയുടെ അളവ് പരിമിതപ്പെടുത്തിയിട്ടുണ്ട്. കണ്ണുകളുടെ മേക്കപ്പിൽ, മെർക്കുറിയുടെ അളവ് 0.007 ശതമാനം കവിയാൻ പാടില്ല. മറ്റ് സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ, മെർക്കുറി ഒരു പിപിഎമ്മിൽ കൂടരുതെന്നും കോസ്മെറ്റിക്സ് നിയമത്തിൽ വ്യക്തമാക്കുന്നു. മിനമാത കൺവെഷന്റെ നിർദേശങ്ങൾക്കനുസൃതമായി സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറിയുടെ ഉപയോഗത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ഡിസിജിഐ ഉന്നയിക്കുന്നത്
ആന്റി-ഏജിംഗ് ക്രീമുകൾ, ഐ മേക്കപ്പ്, സ്‌കിൻ വൈറ്റനിംഗ് ലോഷനുകൾ, നെയിൽ പോളിഷുകൾ തുടങ്ങിയ മേക്കപ്പ് ഉത്പന്നങ്ങളിലാണ് മെർക്കുറി കൂടുതലായും ഉപയോഗിക്കുന്നത്. ചർമം വെളുപ്പിക്കാനുള്ള കഴിവാണ് മെർക്കുറിക്ക് ഡിമാൻഡ് ഉയർത്തുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ചർമ്മത്തിന് തിളക്കം നൽകുന്ന സോപ്പുകൾ, ക്രീമുകൾ, ക്ലെൻസിംഗ് ഉൽപ്പന്നങ്ങൾ, മസ്‌കാര തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറി ഉപയോഗിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അമിതമായി മേക്കപ്പ് ഉപയോഗിച്ചാൽ ചർമ്മത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടാവാം. ചർമ്മം വരണ്ടുണങ്ങുക, ചുവപ്പ്, ചൊറിച്ചിൽ, മുഖക്കുരു, തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. മേക്കപ്പ് ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുകയും ചർമ്മം വരണ്ടതാവുകയും ചെയ്യും. കൂടാതെ, മേക്കപ്പ് ബ്രഷുകൾ വൃത്തിയാക്കാതെ ഉപയോഗിച്ചാൽ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.
അമിതമായി മേക്കപ്പ് ഉപയോഗിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ താഴെക്കൊടുക്കുന്നു:
ചർമ്മത്തിൽ വരൾച്ച:
അമിതമായി മേക്കപ്പ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും ചർമ്മം വരണ്ടതാവുകയും ചെയ്യും.
മുഖക്കുരു:
മേക്കപ്പ് ഉൽപ്പന്നങ്ങൾ ചർമ്മത്തിലെ സുഷിരങ്ങൾ അടക്കുന്നതിലൂടെ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ:
ചിലർക്ക് ചില മേക്കപ്പ് ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കളോട് അലർജിയുണ്ടാകാം. ഇത് ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ, നീർവീക്കം എന്നിവയ്ക്ക് കാരണമാകും.
ചർമ്മത്തിൽ ചുളിവുകൾ:
അമിതമായി മേക്കപ്പ് ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത കുറയ്ക്കുകയും ചുളിവുകൾ വരാൻ കാരണമാവുകയും ചെയ്യും.
അണുബാധ:
മേക്കപ്പ് ബ്രഷുകൾ അഴുക്കു പിടിച്ചിരിക്കുമ്പോൾ അവയിലൂടെ അണുക്കൾ ചർമ്മത്തിലേക്ക് കടന്ന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
കണ്ണുകൾക്ക് അസ്വസ്ഥത:
മേക്കപ്പ് ഉൽപ്പന്നങ്ങൾ കണ്ണിൽ പുരട്ടുമ്പോൾ കണ്ണുകൾക്ക് അസ്വസ്ഥത അനുഭവപ്പെടാനും കാഴ്ച മങ്ങാനും സാധ്യതയുണ്ട്.
Discussion about this post