പാകിസ്താനെ ഉപേക്ഷിക്കാൻ തീരുമാനിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യം വിടുന്നതിന്റെ ഭാഗമായി കമ്പനി 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ് 2000 ജൂണിലാണ് മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചത്. പാകിസ്താനിൽ മൈക്രോസോഫ്റ്റിന്റെ യൂണിറ്റ് സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത ജവാദ് റഹ്‌മാൻ ആണ് കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.
ലിങ്ക്ഡിന്നിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ബിസിനസ് വിലയിരുത്തലിന്റെയും ഓപ്റ്റിമൈസേഷന്റെയും പതിവ് പ്രക്രിയകളുടെ ഭാഗമായി പാകിസ്ഥാനിലെ ഞങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഞങ്ങളുടെ ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും ഈ മാറ്റം ബാധിക്കുകയില്ല. ഞങ്ങളുടെ ശക്തവും വിപുലവുമായ പങ്കാളികളിലൂടെയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മറ്റ് മൈക്രോസോഫ്റ്റ് ഓഫീസുകളിലൂടെയും ഞങ്ങൾ ഉപഭോക്താക്കൾക്ക് സേവനം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന്റെ പാകിസ്താനിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തലാക്കുകയും അഞ്ചോളം ജീവനക്കാർ മാത്രമുള്ള ഒരു ലൈസൺ ഓഫീസ് മാത്രം നിലനിർത്തുകയും ചെയ്തിരുന്നു.
മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനത്തോടെ രാജ്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്ന് പാക് മുൻ പ്രസിഡന്റ് ആരിഫ് ആൽവി പറഞ്ഞു. നിലവിൽ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും മികച്ച പ്രതിഭകൾ രാജ്യം വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറുകയാണെന്നും വാങ്ങൽ ശേഷിയിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post