പത്തനംതിട്ട: പന്തളത്ത് പൂച്ചക്കുട്ടി ഗ്യാസ് സ്റ്റൗവ്വിലെ ദ്വാരത്തിൽ കുടുങ്ങി. ചേരിക്കൽ സ്വദേശി ഷീനാസിന്റെ വീട്ടിലായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് പൂച്ചക്കുട്ടിയെ രക്ഷിച്ചത്.
സ്റ്റൗവ്വിന് മുകളിലായി മീൻ വറുത്ത് വച്ചിരുന്നു. ഇത് കട്ടെടുക്കാൻ എത്തിയപ്പോഴായിരുന്നു തല സ്റ്റൗവ്വിനുള്ളിൽ കുടുങ്ങിയത്. അടുക്കളയിൽ നിന്നും പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് ദ്വാരത്തിൽ നിന്നും പൂച്ചയുടെ തല പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിന് സാധിച്ചില്ല. ഇതേ തുടർന്നാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി. അടൂർ ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഗ്യാസ് സ്റ്റൗ മുറിച്ചാണ് പൂച്ചയുടെ തല പുറത്തെടുത്തത്. സംഘത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജീ ഖാൻ യൂസഫ്, റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, രഞ്ജിത്ത്, സന്തോഷ് ജോർജ്, പ്രകാശ് എന്നിവർ ഉണ്ടായിരുന്നു.
Discussion about this post