ചെന്നെ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് സൂപ്പർ താരം സൂര്യ. വ്യാജമദ്യ ദുരന്തങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം ദുരന്തങ്ങൾ തടയാൻ നടപടിയുണ്ടാകണമെന്നും സൂര്യ പറഞ്ഞു.
വോട്ട് ചോദിച്ച് എത്തുന്നവർ വ്യാജമദ്യത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകും. എന്നാൽ, അധികാരത്തിലെത്തിയാൽ എല്ലാവരും ഇതേക്കുറിച്ച് മറക്കുന്നു. വിഷമദ്യമൊഴുകുന്നത് തടയാൻ ശക്തമായ നിയമം കൊണ്ടുവരണം. വ്യാജമദ്യ ദുരന്തങ്ങൾ ആവർത്തിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും സൂര്യ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 54ആയി. 135 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളേജ്, സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ്, വിഴുപ്പരം സർക്കാർ മെഡിക്കൽ കോളേജ്, പുതുച്ചേരി ജിപ്‌മെർ എന്നിവിടങ്ങളിലാണ് അപകടത്തിൽ പെട്ടവർ ചികിത്സ തേടിയിരിക്കുന്നത്.
Discussion about this post