മധുര: തമിഴ്‌നാട് ഗവണ്‍മെന്റിന്റെ പരസ്യങ്ങളില്‍ അമ്മ, പുരട്ചി തലൈവി എന്നീ പദങ്ങളുപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകനും പൊതുതാല്‍പര്യ ഹര്‍ജി പ്രവര്‍ത്തകനുമായ പി.രത്തിനമാണഅ ഈ വാക്കുകള്‍ വ്യക്തി പൂജയ്ക്ക് കാരണമാകുമെന്ന് പറഞ്ഞ് ഹര്‍ജി സമര്‍പ്പിച്ചത്.
അടുത്തിടെ തമിഴ്‌നാട് ഗവണ്‍മെന്റ് അമ്മ കോള്‍ സെന്റര്‍, അമ്മ മൈക്രോ ലോണ്‍സ് സ്‌കീംസ് എന്നിവയ്ക്ക് വേണ്ടി ചില പത്രങ്ങളില്‍ കോടികള്‍ മുടക്കി പരസ്യങ്ങള്‍ ഇറക്കിയിരുന്നു. ഇത് ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രചരണത്തിനുവേണ്ടിയുള്ള അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫോട്ടോ പരസ്യത്തില്‍ നിന്നും സമര്‍ത്ഥമായി ഒഴിവാക്കിയെങ്കിലും നിയമത്തിനതീതമായി പുരട്ചി തലൈവി എന്ന് സ്തുതിച്ചുകൊണ്ടാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
അമ്മ എന്ന വാക്കു ആളുകളുടെ മനസ്സില്‍ തറയ്ക്കുന്നതാണെന്നും ആ മഹത്തായ വാക്കുപയോഗിക്കുന്നതിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിയായ ജയലളിതയുടെ വ്യക്തിത്വ പ്രതിച്ഛായ നിര്‍മ്മിതിക്കും ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രചാരണത്തിനും വേണ്ടി പൊതുജനങ്ങളുടെ പണമുപയോഗിക്കുന്ന രീതി നിര്‍ത്തലാക്കുവാന്‍ വേണ്ടി അഭ്യര്‍ത്ഥിച്ച് ഇദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post