റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരിൽ ഒരാൾ മലയാളി. തിരുവനന്തപുരം പാലോട് സ്വദേശിയായ ആർ വിഷ്ണു എന്ന സൈനികനാണ് വീരമൃത്യു വരച്ചത്. സിആർപിഎഫ് ഡ്രൈവർ ആയിരുന്ന വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ കുഴി ബോംബ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചാണ് രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നത്.
ഛത്തീസ്ഗഡിൽ സുഖ്മ ജില്ലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ സിആർപിഎഫ് കോൺസ്റ്റബിൾ ശൈലേന്ദ്ര (29), സിആർപിഎഫ് ഡ്രൈവർ വിഷ്ണു ആർ (35) എന്നീ ജവാൻമാരാണ് വീരമൃത്യു വരിച്ചത്. സിആർപിഎഫിൻ്റെ കോബ്രാ ജംഗിൾ വാർഫെയർ യൂണിറ്റിലെ അംഗങ്ങളാണ് ഈ ജവാന്മാർ.
ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.








