എറണാകുളം: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി. രാവിലെ 9.30 നും 10.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു വിവാഹം. ഭാര്യ അനൂജയ്ക്ക് തന്നെയാണ് താരം താലി ചാർത്തിയത്.
ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ നിയമ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഇരുവരും വീണ്ടും വിവാഹം ചെയ്തത്. മക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ശേഷം രജിസ്ട്രാർ ഓഫീസിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്തു.
ധർമ്മജന്റെയും അനൂജയുടെയും പ്രണയ വിവാഹം ആയിരുന്നു. ഒളിച്ചോടി ഇരുവരും ക്ഷേത്രത്തിൽ വച്ച് താലി ചാർത്തുകയായിരുന്നു. എന്നാൽ അന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവർക്ക് കഴിഞ്ഞില്ല. ഇരുവരുടെയും വിവാഹ വാർഷികം കൂടിയാണ് ഇന്ന്. ലളിതമായ ചടങ്ങിൽ ആയിരുന്നു ഇവരുടെ വിവാഹം.
വിവാഹക്കാര്യം ധർമ്മജൻ ഏവരെയും അറിയിച്ചിരുന്നു. ഫേസ്ബുക്കിൽ ഭാര്യ വീണ്ടും വിവാഹിതയാകുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം വീണ്ടും വിവാഹിതരായ ധർമ്മജനും അനുജയ്ക്കും നിരവധി പേരാണ് ആശംസകൾ നേർന്നത്.












