ദമാം; ഭീകരവാദ കേസിൽ അറസ്റ്റിലായ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കി സൗദി.സൗദിയിലെ കിഴക്കൻ പ്രവിശ്യയിലാണ് തീവ്രവാദിയെ വധശിക്ഷക്ക് വിധേയനാക്കിയത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരൻ അബ്‌ദുല്ല ബിൻ അലി അൽ മഹീഷിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
തീവ്രവാദ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുക, സുരക്ഷാ പോയിന്‍റുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിയുതിർക്കുക, ഭീകരവാദത്തിനും ഭീകരർക്കും ധനസഹായം നൽകുക, വീട്ടിൽ തീവ്രവാദ ഘടകങ്ങൾക്ക് അഭയം നൽകുകയും ഈ പ്രവർത്തനങ്ങൾ നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുകയും ചെയ്യുക തുടങ്ങി നിരവധി കുറ്റ കൃത്യങ്ങളിൽ ഭാഗമായിരുന്നു പ്രതിയെന്ന് തെളിഞ്ഞിരുന്നു.
പ്രതിയ്ക്ക് വധശിക്ഷ വിധിച്ച ക്രിമിനൽ കോടതി നടപടിയെ ഉന്നത കോടതികൾ ശരി വെച്ചതോടെ ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വിധി നടപ്പാക്കുകയുമായിരുന്നു.
2022ൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പ്രതികളായ 33 പേരും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ രണ്ട് സൈനികരെയും സൗദി വധശിക്ഷയ്ക്ക് വിധേയരാക്കിയത് ചർച്ചയായിരുന്നു.
Discussion about this post