ന്യുഡൽഹി: തുടർച്ചയായ രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓംബിർലയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളെയാണെന്നും സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദം ഇയരാൻ അനുവദിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബ്ദം തകർക്കപ്പെടില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന സംരക്ഷിക്കപ്പെടണം. സഭ നന്നായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകും സഹകരണം പ്രാവർത്തികമാകുക. സർക്കാരിന് തീർച്ചയായും രാഷ്ട്രീയ അധികാരമുണ്ട്. എന്നാൽ, പ്രതിപക്ഷവും ഇന്ത്യൻ ജനതയുടെ ശബ്ദത്തെ പ്രിനിധീകരിക്കുന്നുണ്ട്. പ്രതിപഷത്തെ സംസാരിക്കാൻ അനുവധിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ അനുവദിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള നിങ്ങളുടെ കടമ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഭരണപക്ഷത്തെ മുഴുൻ എംപിമാരുടെയും പിന്തുണ ലഭിച്ചതോടെയാണ് വീണ്ടും സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇൻഡി സംഖ്യത്തിന്റെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എംപിയായിരുന്നു ഓംബിർലയുടെ എതിർ സ്ഥാനാർത്ഥി. ശബ്ദവോട്ടായിട്ടായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പ്.
സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു. വിജയിച്ചതിന് പിന്നാലെ ഓംബിർലയെ സ്പീക്കറുടെ ചെയറിലേക്ക് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജുജു എന്നിവർ ചേർന്ന് അനുഗമിച്ചു. 17ാമത് ലോക്സഭയിലും ഓംബിർല ആയിരുന്നു സ്പീക്കർ. മൂന്ന് തവണ എംപി ആയ നേതാവാണ് ഓംബിർല.










