കണ്ണൂർ: സിപിഎം വിട്ട നേതാവ് മനു തോമസിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആണ് മനുവിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. കോൺഗ്രസിൽ ചേരാൻ മനുവിന് താത്പര്യം ഉണ്ടെങ്കിൽ പരിഗണിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിപിഎം വിട്ട മനു ഇപ്പോൾ സത്യത്തിന്റെ പാതയിൽ ആണ്. മനു ഉയർത്തിയ ആരോപണങ്ങളിൽ വിശദമായ അന്വേഷണം വേണം. പി ജയരാജന്റെ മകനും ആകാശ് തില്ലങ്കേരിയുമാണ് കണ്ണൂരിലെ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ അടക്കം നടന്നിട്ടുള്ള സ്വർണക്കടത്തിൽ ഇവർക്ക് പങ്കുണ്ട്. മനു ഇപ്പോൾ നീതിയുടെ പക്ഷത്താണ്. അതുകൊണ്ടാണ് ക്രിമിനൽ സംഘങ്ങൾ ഉണ്ടെന്ന തുറന്ന് പറച്ചിൽ നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുവിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണം. സിബിഐ പോലുള്ള ഏജൻസികൾ ആരോപണം അന്വേഷിക്കണം. സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.












