നമുക്ക് എന്താണോ ചെയ്യാൻ ഇഷ്ടമുള്ളത് അത് അങ്ങ് ചെയ്യണം. കാരണം, പിന്നിൽ നിന്ന് കുത്താൻ നിരവധി പേർ നമുക്ക് ചുറ്റും ഉണ്ടാവും. ചിലർ അങ്ങനെയാണ്. വ്യത്യസ്തമായി ചിന്തിച്ച് മുന്നേറാൻ തുടങ്ങിയാൽ വിമർശിക്കാൻ നിരവധി പേർ ഉണ്ടാവും. എന്നാൽ, ഇതെല്ലാം തട്ടി കളഞ്ഞ് മുന്നോട്ട് പോകുന്നവരുടെ ജീവിതത്തിൽ വൻ വിജയമായിരിക്കും വരാൻ പോകുന്നത്. അങ്ങനെയുള്ള ഒരാളെയാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോവുന്നത്.
വെറും 2000 രൂപയ്ക്ക് ബിസിനസ് തുടങ്ങിയ യുവ സംരംഭകയാണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി. 2000 രൂപയ്ക്ക് തുടങ്ങിയ ബിസിനസ്സ് 4 വർഷം കൊണ്ട് 10 കോടിയുടെ സാമ്രാജ്യത്തിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. വ്യത്യസ്തമായി ചിന്തിച്ച് വിജയം കൈവരിച്ച ഈ യുവ സംരംഭക സ്ത്രീകൾക്ക് വലിയ പ്രചേദനമാണ്.
2020ലാണ് ഷെൽ ഹെയർ എന്ന കമ്പനി സ്ഥാപിതമായത്. വളരെ കുറഞ്ഞ സമയം കൊണ്ട് വിപണിയിൽ മുൻനിരയിലെത്താൻ ഷെല്ലിക്കു സാധിച്ചു. ഹെയർ എക്സ്റ്റൻഷനുകൾ, വിഗ്ഗുകൾ, ടോപ്പറുകൾ, ബാങ്സ്, വർണ്ണാഭമായ സ്ട്രീക്കുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളാണ് ഇന്ന് കമ്പനി നൽകുന്നത്.
രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്ലൈൻ വിപണികളിൽ ഇന്ന് പേര് കെട്ട കമ്പനിയാണ് ഷെൽ ഹെയർ. അവിവാഹിതരായ ദാതാക്കളുടെ ഇന്ത്യൻ റെമി മുടിയിൽ നിന്ന് സൃഷ്ടിച്ച ഷെൽ ഹെയറാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, മറ്റു വിപണികളെ അപേക്ഷിച്ച് 30- 40 ശതമാനം വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. കൃത്രിമ മുടികൾക്കു മേൽ ഒറിജിനാലിറ്റി കൊണ്ടു മികച്ചു നിൽക്കാനും ഈ ഉൽപ്പന്നങ്ങൾക്കു സാധിച്ചു എന്ന് പറയേണ്ടി വരും.
കഷണ്ടി കാരണം ഒരു സ്ത്രീ തല മറയ്ക്കുന്നത് ഷെല്ലിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നീട് ആ പ്രശ്നത്തിനുള്ള ഒരു പരിഹാരത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അങ്ങനെ അതിന് പരിഹാരമായി കൂറെ വഴികൾ തേടി. അപ്പോഴാണ് മനുഷ്യ മുടി ഉപയോഗിച്ചുള്ള ഹെയർ എക്സ്റ്റൻഷനുകളെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ സ്വയം ഉണ്ടാക്കി പരീക്ഷിച്ചു. അത് വിജയിക്കുകയും ചെയ്തു. തുടർന്ന് അവർ തന്റെ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചു. ആളുകൾ അതിനെ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ന് രാജ്യത്തുടനീളം ഓർഡറുകൾ ലഭിക്കുന്ന ഒരു ബ്രാൻഡായി അത് മാറിയിരിക്കുന്നു.
20 -ാം വയസ്സിൽ ജയ്പൂരിലെ ഒരു വെണ്ടറിൽ നിന്ന് 2000 രൂപയ്ക്ക് മുടി വാങ്ങിയാണ് ഷെല്ലി ബിസിനസ് ലോകത്തേക്ക് കാൽ എടുത്ത് വയ്ക്കുന്നത്. ഉപഭോക്താക്കളുടെ മനസറിഞ്ഞ് ഉൽപ്പന്നങ്ങൾ ഇറക്കി പിന്നിട് അങ്ങോട്ട് കുതിച്ച് ഉയരുകയായിരുന്നു ഷെല്ലി ബുൽചന്ദാനി. രണ്ടാം വർഷ എംഎസ് സി ഐടി വിദ്യാർത്ഥിയായ ഷെല്ലി തന്റെ പഠനവും, ബിസിനസും ഒരേപോലെ മികച്ച രീതിയിൽ കൊണ്ടുപോവുകയാണ്.
Discussion about this post