ചെന്നൈ: ഹിസ്ബ് ഉത് തഹ്രീർ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ 10 ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. ഈറോഡിലെ രണ്ട് കേന്ദ്രങ്ങളിൽ ഒരേ സമയമാണ് പരിശോധന.
ഹിസ്ബ് ഉത് തഹ്രീർ കേസുമായി ബന്ധപ്പെട്ട് 2021ൽ എൻ ഐ എ തമിഴ്നാട്ടിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഇക്ബാൽ എന്നയാളെയാണ് എൻ ഐ എ, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
‘തൂങ്കാ വിഴിഗൾ രെണ്ടു ഈസ് ഇൻ കാശിമാർ സ്റ്റ്രീറ്റ്‘ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുകയും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തി കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്.
അന്താരാഷ്ട്ര മതതീവ്രവാദ സംഘടനയായ ഹിസ്ബ് ഉത് തഹ്രീറിന്റെ മൊഡ്യൂൾ ഇന്ത്യയിൽ സ്ഥാപിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 17 പേരെ പ്രതികളാക്കി എൻ ഐ എ 2023ൽ കുറ്റപത്രം തയ്യാറാക്കിയിരുന്നു. മുഹമ്മദ് ആലം, മിസ്ബ ഉൾ ഹസൻ, മെഹ്രാർ അലി, ഖാലിദ് ഹുസൈൻ, സയീദ് സമി റിസ്വി, യാസിർ ഖാൻ, സൽമാൻ അൻസാരി, സയീദ് ഡാനിഷ് അലി, മുഹമ്മദ് ഷാരൂഖ്, മുഹമ്മദ് വാസിം, മുഹമ്മദ് കരീം, മുഹമ്മദ് അബ്ബാസ് അലി, മുഹമ്മദ് ഹമീദ്, മുഹമ്മദ് സലീം, അബ്ദുർ റഹ്മാൻ, ഷെയ്ഖ് ജുനൈദ്, മുഹമദ് സൽമാൻ എന്നിവർക്കെതിരെയായിരുന്നു കുറ്റപത്രം.
മധ്യപ്രദേശിൽ നിന്നും തീവ്രവാദ റിക്രൂട്ട്മെന്റ് നടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 2023 മെയ് 9ന് ഭോപ്പാലിൽ പ്രത്യേക ദൗത്യ സേന എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. സായുധ കലാപത്തിലൂടെ ഇന്ത്യയിൽ ശരീയത്ത് അധിഷ്ഠിത ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ഹിസ്ബ് ഉത് തഹ്രീറിന്റെ ആശയങ്ങളാണ് പ്രതികൾ പ്രചരിപ്പിച്ചിരുന്നത്. ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടരായി വരുന്നവർക്ക് വേണ്ടി രഹസ്യമായി ആയുധ പരിശീലനം നൽകാനും സംഘം പദ്ധതി തയ്യാറാക്കിയിരുന്നു.
ഇസ്ലാമിതര സമുദായങ്ങളിൽ പെട്ട പ്രധാന നേതാക്കൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ കൊലപ്പെടുത്തിക്കൊണ്ട് പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ തുടക്കമിടുക എന്ന സംഘടനയുടെ ഗൂഢാലോചനയായിരുന്നു അന്ന് എൻ ഐ എ പൊളിച്ചത്. ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ച് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും തകർക്കുക എന്നതും സംഘടനയുടെ ലക്ഷ്യമായിരുന്നു എന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു.









