ന്യൂഡൽഹി :പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്ത് ഇന്ന് മുതൽ പുനരാരംഭിക്കുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുക. മൂന്ന് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് 111 -ാം പതിപ്പിനെ മോദി അഭിസംബോധന ചെയ്യുന്നത്.
‘ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണത്താൽ കുറച്ച് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം, മൻ കി ബാത്ത് തിരിച്ചെത്താൻ പോകുന്നു . ഈ സന്ദേശം നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഈ മാസത്തെ മൻ കി ബാത്ത് പരിപാടി ജൂൺ 30 ഞായറാഴ്ച നടക്കും. അതിനായി നിങ്ങളുടെ ആശയങ്ങളും സന്ദേശങ്ങളും പങ്കിടാൻ ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. MyGov ഓപ്പൺ ഫോറം, NaMo ആപ്പ് എന്നിവയിൽ സന്ദേശങ്ങൾ എഴുതുക. അല്ലെങ്കിൽ 1800 11 7800 എന്ന നമ്പറിൽ നിങ്ങളുടെ സന്ദേശം രേഖപ്പെടുത്തുക’ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ മൻ കി ബാത്ത് ആണ് ഇന്ന് നടക്കാൻ പോകുന്നത്. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്. 22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട് .










