ന്യൂഡൽഹി : ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ ആറുമാസത്തേക്ക് കൂടി തുടരാൻ സാധ്യതയെന്ന് സൂചന. മൂന്നുമാസം മുതൽ ആറുമാസം വരെ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകാമെന്നാണ് ഭാരതീയ ജനതാ പാർട്ടിയിൽ ഉയർന്നു വന്നിട്ടുള്ള അഭിപ്രായം. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ജെപി നദ്ദയുടെ തിരക്കുകൾ കണക്കിലാക്കി വർക്കിംഗ് പ്രസിഡണ്ടിനെ നിയമിക്കാനും സാധ്യതയുള്ളതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാന തിരഞ്ഞെടുപ്പുകളും കണക്കാക്കിയാണ് ബിജെപി ഈ തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മുകശ്മീരിലെ കേന്ദ്ര ഭരണ പ്രദേശം എന്നിവിടങ്ങളിൽ നവംബറോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അതുവരെയും ജെപി നദ്ദ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്.
ജെപി നദ്ദയുടെ നേതൃത്വം സ്ഥിരതയും കെട്ടുറപ്പും നിലനിർത്താൻ ശ്രമിക്കുന്നതായി ബിജെപി വിലയിരുത്തുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞങ്കിലും ദക്ഷിണേന്ത്യയിലും വടക്കേ ഇന്ത്യയിലെ പല മേഖലകളിലും സുപ്രധാനമായ നേട്ടങ്ങൾ കൈവരിക്കാൻ ജെ പി നദ്ദയുടെ തന്ത്രങ്ങൾ നിർണായകമായിട്ടുണ്ട് എന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. 2020ൽ ആയിരുന്നു അമിത് ഷായുടെ പിൻഗാമിയായി ജെപി നദ്ദ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിരുന്നത്.








