ചെന്നൈ: ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ജോലി ലഭിക്കുന്നില്ല എന്ന ആരോപണത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നിലവിൽ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്നാട് സർക്കാരിനും നോട്ടീസ് അയച്ചിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
എന്നാൽ ആരോപണം നിഷേധിച്ചു കൊണ്ട് കമ്പനി തന്നെ രംഗത്ത് വന്നു. പുതിയ നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ലിംഗഭേദമോ മറ്റ് വ്യത്യാസങ്ങളോ പരിഗണിക്കാതെ കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കമ്പനിയുടെ നിയമനങ്ങളെന്നും ഫോക്സ്കോൺ വ്യക്തമാക്കി. ആപ്പിൾ ഫോണുകൾ ഉല്പാദിപ്പിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് തായ്‌വാനീസ് സ്ഥാപനമായ ഫോക്സ് കോൺ.
കമ്പനി വിവാഹിതരായ വനിതകളെ ജോലിക്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ തമിഴ്നാട് സർക്കാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്








