ഹൈദരാബാദ്: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഭരണത്തിലിരുന്നപ്പോള്‍ ദളിതരെ കുറിച്ച് കോണ്‍ഗ്രസ് ആകുലപ്പെട്ടിരുന്നില്ലെന്ന് നായിഡു പരിഹസിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ നിശബ്ദരായ കോണ്‍ഗ്രസ് ഇപ്പോള്‍ അതിക്രമമാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന ആദ്യ വിദ്യാര്‍ഥിയല്ല രോഹിത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് 10 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്ന് രാഹുല്‍ ഗാന്ധിയോ സോണിയയോ ദിഗ് വിജയ് സിങ്ങോ ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിക്കാനോ മരണത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മുതിര്‍ന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇപ്പോള്‍ നാടകം കളിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അജണ്ടയും ഭിന്നിപ്പിക്കല്‍ അജണ്ടയുമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇത്തരം അജണ്ടകള്‍ സമുദായ സൗഹാര്‍ദം തന്നെ തകര്‍ക്കുമെന്നും നായിഡു പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പങ്കെടുത്തിരുന്നു.
കോൺഗ്രസിന്റെ ഭരണകാലത്ത് തെലങ്കാനയിലെ വാറങ്കലിൽ ദളിത് കുടുംബം ആത്മഹത്യ ചെയ്തു. അവരെ ആശ്വസിപ്പിക്കാൻ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പോയില്ല. ഇതേ സർവകലാശാലയിൽ പത്തു വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടും അതൊന്നും രാഹുലിനെ അലട്ടിയില്ല. വിദ്യാർത്ഥികൾക്കൊപ്പം ധർണ നടത്താൻ ആരെയും കണ്ടില്ല. അന്ന് നിശബ്ദരായിരുന്നവർ ഇപ്പോൾ ഗർജ്ജിക്കുകയാണ്. ഇത് കാണുന്പോൾ കോൺഗ്രസ് കളിക്കുന്നത് തമാശ രാഷ്ട്രീയമാണെന്ന് തോന്നിപ്പോവുകയാണ്- നായിഡു പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിറുത്തണണമെന്ന ആവശ്യവും വെങ്കയ്യ ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാലയങ്ങളിൽ വർഗീയ രാഷ്ട്രീയവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post