ന്യൂഡൽഹി: ഹാലോ ഓർബിറ്റിൽ ആദ്യ പരിക്രമണം വിജയകമായി പൂർത്തിയാക്കി ആദിത്യ എൽ-1. ഐഎസ്ആർഒയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതോടെ ആദിത്യ എൽ-1 രണ്ടാമത്തെ ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചതായും ഗവേഷകർ അറിയിച്ചു.
എൽ വണ്ണിന് (ലഗ്രാഞ്ച് പോയിന്റ്) ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥമാണ് ഹാലോ ഓർബിറ്റ്. ഭൂമിയിൽ നിന്നും 1.5 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ ഓർബിറ്റ്. ഈ വർഷം ജനുവരി ആറിനായിരുന്നു പേടകം ഓർബിറ്റിൽ പ്രവേശിച്ചത്. 174 ദിവസമെടുത്തുകൊണ്ടാണ് ആദിത്യ എൽ 1 പരിക്രമണം പൂർത്തിയാക്കിയിരിക്കുന്നത്. പരിക്രമണത്തിനിടെ നിരവധി പ്രതികൂല ഘടങ്ങൾ പേടകത്തെ ബാധിച്ചിരുന്നു. ഇതേ തുടർന്ന് ഫെബ്രുവരി 22 നും ജൂൺ 7 നും ബൂസ്റ്ററുകൾ ജ്വലിപ്പിച്ചിരുന്നു. പേടകം രണ്ടാം ഓർബിറ്റിലേക്ക് കടന്ന സാഹചര്യത്തിൽ മൂന്നാമത്തെ മാറ്റത്തിനും വിധേയമാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്തംബർ രണ്ടിനായിരുന്നു ആദ്യത്യ എൽ 1 ന്റെ വിക്ഷേപണം. ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമാണ് ഇത്. സൗര അന്തരീക്ഷം, സൗര കാന്തിക കൊടുങ്കാറ്റുകൾ, എന്നിവയെക്കുറിച്ച് പഠിക്കുന്നതിനും സൂര്യനെ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ദൗത്യം.









Discussion about this post