ആലപ്പുഴ: മാന്നാറിൽ കലയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. മാന്നാർ സ്വദേശികളായ ജിനു, പ്രമോദ്, സോമൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളാണ് ഇവർ. ഇവരെ കഴിഞ്ഞ ദിവസം മാന്നാർ പോലീസ് ക്‌സ്റ്റഡിയിൽ എടുത്തിരുന്നു. കലയുടേത് കൊലപാതകം ആണെന്ന് വ്യക്തമായതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ മുതൽ ഇവരെ വിശദമായി ഇവരെ ചോദ്യം ചെയ്തുവരികയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെയും, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. പലതവണയായി പ്രത്യേകം ഇരുത്തി ആയിരുന്നു ചോദ്യം ചെയ്യൽ.
കേസിൽ പോലീസിന് ശാസ്ത്രീയ തെളിവുകളുടെ അഭാവം ഉണ്ട്. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്നും ചില അസ്ഥി കഷ്ണങ്ങളും മുടിയിൽ ഇടുന്ന ക്ലിപ്പുകളും മറ്റുമാണ് ലഭിച്ചത്. ഇവ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. കേസുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് ഇനിയും ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്. ഈ സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കലയുടെ ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി.
Discussion about this post