ന്യൂഡൽഹി : ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആഹ്ലാദ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു സ്പെഷ്യൽ സമ്മാനം നൽകിയിരിക്കുകയാണ് ബിസിസിഐ. നരേന്ദ്രമോദിയുടെ പേരിലുള്ള ഒന്നാം നമ്പർ ജേഴ്സി ആണ് ബിസിസിഐ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ബിസിസിഐ പ്രസിഡണ്ട് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വാസതിയിൽ എത്തി ‘നമോ നമ്പർവൺ’ ജേഴ്സി സമ്മാനിച്ചത്.
വ്യാഴാഴ്ച രാവിലെ ബാർബഡോസിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾക്കായി പ്രധാനമന്ത്രി പ്രത്യേക പ്രഭാത ഭക്ഷണ വിരുന്നും ഏർപ്പെടുത്തിയിരുന്നു. ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്തി.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈയിൽ ബിസിസിഐ ഒരുക്കിയിട്ടുള്ള ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി പുറപ്പെട്ടു. മുംബൈ നരിമാൻ പോയിന്റിൽ നിന്നും വാംഖഡെ സ്റ്റേഡിയത്തിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം തുറന്ന ബസ്സിൽ ഘോഷയാത്ര ആയാണ് ഇന്ത്യൻ ടീം എത്തിയിരുന്നത്. വിജയിച്ചു വന്ന ഇന്ത്യൻ ടീമിനെ കാണാൻ തെരുവീഥികളിൽ വൻജനക്കൂട്ടം ആയിരുന്നു ഉണ്ടായിരുന്നത്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടികളിലും സൂചി കുത്താൻ ഇടമില്ലാത്ത വിധം ജനക്കൂട്ടം തിങ്ങിനിറഞ്ഞ സദസ്സ് ആയിരുന്നു.
Discussion about this post