കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയിൽ ബാങ്കിന്റെ സിഡിഎമ്മിൽ നിക്ഷേപിച്ച നിലയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കേസിലെ മുഖ്യപ്രതി അടക്കമുള്ളവരാണ് പിടിയിലായിരിക്കുന്നത്. പാലക്കാട് മുക്കാലി തടിയൻ വീട്ടിൽ ടി സി അഷറഫ് (36), ആലത്തൂർ മേലാർകോട് ചിറ്റലഞ്ചേരി വട്ടോമ്പാടം വീട്ടിൽ ജെ ജലീൽ (41) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ജൂലൈ രണ്ടിന് ആയിരുന്നു കോട്ടയം ഈരാറ്റുപേട്ടയിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നിന്നും സിഡിഎമ്മിൽ നിക്ഷേപിച്ച നിലയിൽ രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയിരുന്നത്. തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് അന്വേഷണപ്രകാരം ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, ഫിറോസ് എന്നിവരെ പിടികൂടിയിരുന്നു.
ഈരാറ്റുപേട്ടയിൽ നിന്നും പിടികൂടിയ പ്രതികൾക്ക് കള്ളനോട്ട് എത്തിച്ചു നൽകിയവരാണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്. അഷറഫും ജലീലുമാണ് കള്ളനോട്ട് നിർമ്മാണവും വിതരണവും നടത്തിയിരുന്നത്. ജലീലിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കള്ളനോട്ട് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീനും കണ്ടെത്തി.
Discussion about this post