സോഷ്യൽമീഡിയ കേന്ദ്രീകരിച്ചുള്ള പണം തട്ടിപ്പുകൾ ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. ആയിരങ്ങളും പതിനായിരങ്ങളും പോയി ഇപ്പോൾ കോടികളുടെ തട്ടിപ്പാണ് ഓൺലൈൻ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഭ്യസ്തവിദ്യർ പോലും തട്ടിപ്പിന് ഇരയാകുന്നു എന്നറിയുമ്പാഴാണ് ഇതിന്റെ ആഴം മനസിലാകുക. എത്ര കെണി ഒരുക്കിയാലും കബളിപ്പിക്കപ്പെടാതെ ബുദ്ധിപൂർവ്വം ഓൺലൈൻ ലോകം ആസ്വദിക്കുന്നവരുമുണ്ട്.
ഇപ്പോഴിതാ, ചാറ്റ് ചെയ്ത് തന്നെ പറ്റിക്കാൻ നോക്കിയാളെ തിരിച്ചുപറ്റിച്ച ഒരു യുവാവിന്റെ അനുഭവം സോഷ്യൽമീഡിയ ആഘോഷമാക്കുകയാണ്.ജയ് എന്ന ഒരു എക്‌സ് ഉപഭോക്താവാണ് സ്‌ക്രീൻഷോട്ടുകൾ സഹിതം ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘ഡേറ്റിംഗ് ആപ്പിലൂടെ യാമി എന്ന് പേരുള്ള ഒരു പെൺകുട്ടിയെ താൻ പരിചയപ്പെട്ടു.തുടർന്ന് ഇരുവരും പരസ്പരം നമ്പറുകൾ കൈമാറി വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാനും ആരംഭിച്ചു. കഴിഞ്ഞ ദിവസം തനിക്ക് സഹായമായി ആയിരം രൂപ അയച്ചു തരുമോ എന്ന് യാമി ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പണം തിരിച്ചു നൽകാമെന്നും പെൺകുട്ടി പറഞ്ഞു. ഉടനെ ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ യുവാവ്, ഗൂഗിൾ പേയിൽ പണം അയക്കാൻ ശ്രമിച്ച് ഫെയിൽ ആയതിന്റെ വ്യാജ സ്‌ക്രീൻഷോട്ട് യാമിക്ക് അയച്ചു നൽകി.
പിന്നാലെ ഇത് തന്റെ ജിപേയുടെ പ്രശ്‌നമാണോ എന്ന് പരിശോധിക്കാൻ ഒരു 20 രൂപ അയച്ചു തരാനും യുവാവ് തിരിച്ച് ആവശ്യപ്പെട്ടു. ആ പണം ലഭിച്ച ഉടനെ ജയ് ഗൂഗിൾ പേയിൽ യാസ്മീൻ ഖാൻ എന്ന വ്യക്തിയെ ബ്ലോക്കും ചെയ്തു. പിന്നാലെ സോഷ്യൽമീഡിയയിൽ തന്റെ അനുഭവം വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടുകൾ ഷെയർ ചെയ്യുകയായിരുന്നു യുവാവ് . തട്ടിപ്പുകാരനെ പറ്റിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ജയ് ഈ സംഭവം എക്‌സിൽ പങ്കുവെച്ചത്. സ്‌ക്രീൻഷോട്ടുകളിൽ അവസാനത്തേതിൽ ജയ് ഒരു സിഗരറ്റ് വാങ്ങിയ ചിത്രവും തട്ടിപ്പുകാരന് അയച്ചുകൊടുത്തിട്ടുണ്ട്. ഇത് യാമി നൽകിയ 20 രൂപയ്ക്ക് വാങ്ങിയതാകാം എന്നാണ് കരുതുന്നത്.









Discussion about this post