മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരരായ രണ്ട് താരങ്ങൾ—സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും—ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തിയതോടെ ആവേശത്തിലാണ് ആരാധകർ. കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) ടി20 ടൂർണമെന്റിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ പുതിയ പരസ്യ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചിരിക്കുന്നത്. ഗ്രൗണ്ടിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറമെ ക്യാമറയ്ക്ക് മുന്നിലും ലാലേട്ടനൊപ്പം സഞ്ജു തിളങ്ങിയതോടെ പരസ്യ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു.
സഞ്ജു : “ചേട്ടൻ ക്രിക്കറ്റും കളിക്കുമോ?”
മോഹൻലാൽ : “ഈ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നെന്നാ? അയ്യോ
സഞ്ജു : “ഈ സഞ്ജുവിനെയൊക്കെ അറിയോ?”
മോഹൻലാൽ : “അറിയുവോന്നോ.. ഞാൻ പറഞ്ഞിട്ടല്ലേ രാജസ്ഥാൻ ടീമിൽ നിന്ന് അയാളെ ചെന്നൈലേക്ക് കൊണ്ടുവന്നത്.”
സഞ്ജു ഒന്ന് തിരിഞ്ഞ് നോക്കുന്നു.. ആളെ കണ്ട് ലാലേട്ടൻ ഞെട്ടുന്നു.
സഞ്ജു: “അപ്പോ എങ്ങനെയാ പോവല്ലേ ചേട്ടാ?”
മോഹൻലാൽ: “ഹാ വണ്ടി വിട് മോനെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക്..
ത്. ഇരുവരുടെയും രസകരമായ ഭാവങ്ങളും കെമിസ്ട്രിയും ഇതിനോടകം ആരാധകരുടെ മനം കവർന്നു. കഴിഞ്ഞ ദിവസം ടീം സാംസൺ എന്ന അക്കൗണ്ട് പങ്കുവെച്ച ചിത്രം സഞ്ജു തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി റീഷെയർ ചെയ്തിരുന്നു. “സവിശേഷമായ എന്തോ ഒന്ന് വരുന്നുണ്ട്” എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന് പിന്നാലെ, ‘ഗോട്ട്’ (G.O.A.T) ലാലേട്ടനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമാണെന്ന് കുറിച്ചുകൊണ്ട് സഞ്ജു തന്നെയാണ് ഈ കൂട്ടുകെട്ടിനെക്കുറിച്ചുള്ള സൂചന ആദ്യം നൽകിയത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ലഭിച്ച ഇടവേളയിലാണ് സഞ്ജു സാംസൺ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായത്. അതേസമയം, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അതിഥിവേഷത്തിലും അടുത്തിടെ താരം എത്തിയിരുന്നു. കേരളത്തിന്റെ സിനിമ-ക്രിക്കറ്റ് പ്രതിഭകൾ ഒത്തുചേർന്ന പുതിയ വീഡിയോയ്ക്ക് തകർപ്പൻ പ്രതികരണങ്ങളാണ് സൈബർ ഇടങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.












