ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹരീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവിട്ടു. 48 മണിക്കൂറിനുള്ളിൽ ഇമ്രാനെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് നിർദേശം. സെപ്റ്റംബർ 16 വരെ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ നിർത്താനും കോടതി ഉത്തരവിട്ടതായി ഇമ്രാന്റെ വക്താവ് നയീം ഹൈദർ പഞ്ജൂത വ്യക്തമാക്കി.
വിധിയിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇത് കുറച്ചുകൂടി നേരത്തെയാകാമായിരുന്നുവെന്നും പി.ടി.ഐ പ്രതികരിച്ചു. ജയിൽ വാസത്തിനിടെ ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തിയെ ബാധിച്ചിട്ടുണ്ടെന്നും ആരോഗ്യനില വഷളായതായും അദ്ദേഹത്തിന്റെ അഭിഭാഷകരും കുടുംബവും തുടർച്ചയായി ആരോപിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാകുന്നത് വരെ അദ്ദേഹത്തെ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരാൻ അനുവദിക്കണമെന്ന് പാർട്ടി വക്താവ് സുൾഫിക്കർ ബുഖാരി പറഞ്ഞു.
2023 ഓഗസ്റ്റ് മുതൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് 73-കാരനായ ഇമ്രാൻ ഖാൻ. 2022-ൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ചുമത്തപ്പെട്ട കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാന്റെ നിലപാട്. ഇമ്രാൻ ഖാന് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മക്കളും പാർട്ടി പ്രവർത്തകരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.












