പത്തനംതിട്ട: കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം മനൽകിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. പ്രതികളെ തീരുമാനിക്കുന്നത് കോടതിയാണെന്ന് ഉദയഭാനു പറഞ്ഞു. സംഭവത്തിൽ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു ഉദയഭാനുവിന്റെ പ്രതികരണം.
പ്രതികളെ തീരുമാനിക്കുന്നത് മാദ്ധ്യമങ്ങൾ അല്ല. കോടതിയാണ്. സ്ത്രീകളെ തല്ലിയ കേസ് രാഷ്ട്രീയ പ്രേരിതം ആണ്. പാർട്ടിക്കാർ പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായുരുന്നു കാപ്പ കേസ് പ്രതിയും മലയാലപ്പുഴ സ്വദേശിയുമായ ശരൺ ചന്ദ്രനെ സിപിഎം മാലയിട്ട് സ്വീകരണം നൽകിയത്. അടുത്തിടെ ഇയാൾ പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള പരിപാടിയിൽ ആയിരുന്നു ശരണിന് മാലയിട്ട് സ്വീകരിച്ചത്. പരിപാടി ആരോഗ്യമന്ത്രി വീണാ ജോർജ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. കുമ്പഴ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ 60 ഓളം പേർ പങ്കെടുത്തിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശരൺ ചന്ദ്രൻ. ഇതേ തുടർന്നാണ് കാപ്പ നിയമം ചുമത്തിയത്. സ്ത്രീയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ മാസം 23 നായിരുന്നു ജയിൽ മോചിതനായത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷമായിരുന്നു ഇയാൾ പുറത്തിറങ്ങിയത്.
ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രന്റെ വിളിപ്പേര്. സി്പിഎം അനുഭാവിയായ ഇയാൾ സോഷ്യൽ മീഡിയയിൽ പാർട്ടിയെ പ്രകീർത്തിച്ച് പോസ്റ്റുകൾ ഇടാറുണ്ട്.
Discussion about this post