തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന ഉത്തരവുമായി വിവരാവകാശ കമ്മീഷൻ. നിരവധി പേർ നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്വകാര്യ വിവരങ്ങൾ അല്ലാത്തവ നിർബന്ധമായും പുറത്തുവിടണമെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു.
ഡബ്ല്യുസിസി അംഗങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പുറത്തുവിടാൻ സാംസ്‌കാരിക വകുപ്പ് തയ്യാറായില്ല. റിപ്പോർട്ടിൽ നിർദ്ദേശിക്കുന്ന പരിഹാര മാർഗ്ഗങ്ങൾ മാത്രം നടപ്പിലാക്കിയാൽ മതിയെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് വിഷയത്തിൽ സ്വീകരിച്ച നിലപാട്. ഇതോടെയാണ് വിവരാവകാശ കമ്മീഷന് മുൻപിൽ പരാതി എത്തിയത്.
ശക്തമായ ആവശ്യം ഉയരുന്ന പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടേ മതിയാകുവെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാം. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന വിവരങ്ങൾ ഒഴികെയുള്ള വിവരങ്ങൾ പുറത്തുവിടരുത് എന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.
2019 ലായിരുന്നു ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമ കമ്മീഷനെ നിയോഗിച്ചത്. 2017 ൽ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ആയിരുന്നു കമ്മീഷൻ രൂപീകരണം. തുടർന്ന് 2019 ഡിസംബർ 31 ന് കമ്മീഷന് സർക്കാർ മുൻപാകെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഹേമ കമ്മീഷന് മുൻപാകെ പലരും നിർണായക വെളിപ്പെടുത്തലുകളാണ് നടത്തിയത് എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്ന ശക്തമായ ആവശ്യം ഉയർന്നുവന്നത്.
Discussion about this post