അമരാവതി :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയും രൂപീകരിക്കും. രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് അംഗങ്ങളെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കും. വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് രണ്ടാഴ്ചയ്ക്കകം യോഗം ചേരും എന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമർക്ക പറഞ്ഞു.
കൂടാതെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രിമാരുടെ സമിതി രൂപീകരിക്കും. മയക്കുമരുന്നും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനും സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിനുമാണ് യോഗം കൂടുതൽ ഊന്നൽ നൽകിയത്. അതേസമയം, മയക്കുമരുന്ന് വിതരണം തടയാൻ ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു.
Discussion about this post