ഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം ധാരണയ്ക്ക് സാധ്യത വര്‍ദ്ധിക്കുന്നു. സിപിഎമ്മുമായുള്ള സഖ്യ സാധ്യത സംബന്ധിച്ച് ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കണ്ട് ചര്‍ച്ചനടത്തിയിരുന്നു. സിപിഎമ്മുമായി സഖ്യം എന്ന ആശയം നേതാക്കള്‍ രാഹുലിന് മുന്നില്‍ വച്ചു. രാഹുലിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളതെന്ന് അറിയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും തയ്യാറല്ലെന്ന നിലപാടും അറിയിച്ചു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ചൗധരി അടക്കമുള്ള സംസ്ഥാനത്തെ പ്രബലപക്ഷം സി.പി.എമ്മുമായി ധാരണയല്ല മറിച്ച് തുറന്ന സഖ്യംതന്നെ വേണമെന്ന സമീപനമാണ് സ്വീകരിച്ചത്.
ധാരണയ്ക്ക് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നും അനുകൂലനീക്കം ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ഈ മാസം 16 മുതല്‍ 18 വരെ ചേരുന്ന സി.പി.എം പി.ബികേന്ദ്രക്കമ്മിറ്റി യോഗങ്ങളിലും വിഷയം ചര്‍ച്ചയാവും.
സി.പി.എമ്മുമായി തന്ത്രപരമായ ധാരണ ഉണ്ടാക്കുന്നത് ഗുണകരമാണെന്ന ചിന്തയാണ് ബംഗാളിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും പ്രകടിപ്പിക്കുന്നത്. അതേസമയം, കേരളത്തില്‍ ഈ നീക്കം തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ ആശങ്ക. അതിനാല്‍ അന്തിമതീരുമാനം അധ്യക്ഷ സോണിയാഗാന്ധിക്ക് വിട്ടു. സഖ്യം സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിവക്താവ് അഭിഷേക് സിങ്വി പറഞ്ഞത്.
പശ്ചിമബംഗാളിലെ സി.പി.എം നേതൃത്വത്തിലെ പ്രബലവിഭാഗം കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കണമെന്ന പക്ഷക്കാരാണ്. അടുത്ത തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സര്‍വാധിപത്യം തടയുന്നതിനും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടുന്നതിനും ഇത് ഗുണം ചെയ്യുമെന്ന പക്ഷക്കാരാണ് മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അടക്കമുള്ള സി.പി.എം നേതാക്കള്‍. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരുടെ എതിര്‍ നിലപാടുകളാണ് തിരിച്ചടി. പരസ്യമായ സഖ്യമില്ലാതെ അടവ് നയം എന്ന ആശയം പാര്‍ട്ടി പ്ലീനവും അംഗീകരിച്ചിരുന്നു.
ബംഗാളില്‍ കഴിഞ്ഞവര്‍ഷം നടന്ന സിലിഗുഡി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ ഗുണം ചെയ്തിരുന്നു. ഇവിടെ സി.പി.എമ്മിന്റെ അശോക് ഭട്ടാചാര്യ മേയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Discussion about this post