കോട്ടയം : സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ ഭവനരഹിതരായി കഴിയുന്ന 47 കുടുംബങ്ങൾക്ക് ആശ്രയമാവുകയാണ് കേരളത്തിലെ ദേശീയ സേവാഭാരതി. സുമനസ്സുകളായ വ്യക്തികൾ പലപ്പോഴായി സംഘടനയ്ക്ക് ദാനമായി നൽകിയ കോടികൾ വിലമതിക്കുന്ന മൂന്ന് ഏക്കറോളം ഭൂമിയാണ് സേവാഭാരതി 47 കുടുംബങ്ങൾക്കായി വീതിച്ചു നൽകുന്നത്. ജൂലൈ 20 ശനിയാഴ്ച കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന പ്രസ്തുത പരിപാടി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിൽ സേവാഭാരതി നടപ്പിലാക്കുന്ന ‘ഭൂദാനം ശ്രേഷ്ഠദാനം’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് ജൂലൈ 20 ശനിയാഴ്ച നടക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യനോടൊപ്പം മുതിർന്ന സംഘപ്രചാരകനായ എസ് സേതുമാധവനും വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. സേവാഭാരതിയുടെ ഈ പുണ്യ പ്രവൃത്തിയിൽ ആകൃഷ്ടരായി ഏതാനും സുമനസ്സുകൾ കൂടി തങ്ങളുടെ ഭൂമി സംഘടനയ്ക്ക് ദാനം ചെയ്യാനായി തയ്യാറായിരിക്കുകയാണ്.
ജൂലൈ 12 ന് കൊച്ചി മഹാനഗർ സഹ സംഘചാലക് ഡോ. എ കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള കോട്ടയം തൃക്കോതമംഗലത്തുള്ള അറുപതു സെന്റ് വസ്തുവിന്റെ ആധാരം സേവാഭാരതിക്ക് കൈമാറി. മാടപ്പള്ളി ക്ഷേത്രാങ്കണത്തിൽ മാനനീയ വിഭാഗ് സംഘചാലക് പി പി ഗോപിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആയിരുന്നു അദ്ദേഹം തന്റെ ഭൂമി സംഘടനയ്ക്കായി ദാനം ചെയ്തത്. ജില്ലാ സംഘചാലക് ശ്രീ എ കേരളവർമ്മ ഭൂമി ഏറ്റുവാങ്ങി. ഭൂരഹിതരായ 11 കുടുംബങ്ങൾക്ക് ഈ ഭൂമി വീതിച്ചു നൽകാനാണ് ദേശീയ സേവാഭാരതി തീരുമാനിച്ചിരിക്കുന്നത്.
Discussion about this post