ന്യൂഡൽഹി : ബംഗ്ലാദേശിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പുതിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരം ഏൽക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള ആയിരിക്കും പങ്കെടുക്കുക. കൂടാതെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ബംഗ്ലാദേശിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും.
ഫെബ്രുവരി 17 ന് ധാക്കയിൽ വച്ചാണ് താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരിഖ് റഹ്മാൻ പ്രത്യേകം ക്ഷണിച്ചിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഴമേറിയതും നിലനിൽക്കുന്നതുമായ സൗഹൃദത്തെ അടിവരയിട്ടുകൊണ്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർള ചടങ്ങിൽ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിലേക്കുള്ള ബംഗ്ലാദേശിന്റെ മാറ്റത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.










