മാലെ : ഇന്ത്യൻ മഹാസമുദ്രത്തിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് ഇന്ത്യയും മാലിദ്വീപും സഹകരണം ശക്തമാക്കും. അടുത്ത ബന്ധം വളർത്തുന്നതിനും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും ഊട്ടിയുറപ്പിച്ചു.
കഴിഞ്ഞ ദിവസം മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാർ രാഷ്ട്രപതിയുടെ ഓഫീസിൽ വച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ സന്ദർശിച്ചിരുന്നു. മഹാവാറും മുയിസുവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു എന്നാണ് വിവരം. കൂടാതെ മാലിദ്വീപിൽ ഇന്ത്യ ഏറ്റെടുത്ത വിവധ പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം മുഹമ്മദ് മുയിസു ഡൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ദ്വീപ് രാഷ്ട്രത്തിന്റെ പ്രസിഡന്റായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു. മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ, ധനമന്ത്രി മുഹമ്മദ് ഷഫീഖ് എന്നിവരും മുഹമ്മദ് മുയിസുവിനൊപ്പമുണ്ടായിരുന്നു.പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിലും ഇന്ത്യൻ സർക്കാർ നൽകിയ ‘ഊഷ്മളമായ സ്വാഗതത്തിനും മുയിസു നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ തന്നെ, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുയിസുവിൻറെ ഓഫിസ് അറിയിച്ചിരുന്നു. ഇന്ത്യ-മാലിദ്വീപ് ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും സന്ദർശനത്തിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അടുത്ത കാലത്തായി ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ഇതിലൂടെ നീങ്ങിയത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഇപ്പോൾ പോസിറ്റീവ് ദിശയിലൂടെയാണ് നീങ്ങുന്നത് എന്ന് മുഹമ്മദ് മുയ്സുവിന്റെ ഓഫീസ് വ്യക്തമാക്കി.
Discussion about this post