ഗാന്ധിനഗർ :ഗുജറാത്തിൽ പടർന്ന് പിടിച്ച് ചന്ദിപുര വൈറസ് . ചന്ദിപുര വൈറസ് ബാധയേറ്റ് നാല് വയസുകാരി മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 14 ഓളം രോഗികൾ അണുബാധ മൂലം മരിച്ചതായാണ് റിപ്പോർട്ട്. 29 വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാന ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയും ചന്ദിപുര വൈറസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. സബർകാന്ത (രണ്ട്), ആരവല്ലി (രണ്ട്), മഹിസാഗർ (ഒന്ന്), മെഹ്സാന (ഒന്ന്), രാജ്കോട്ട് (രണ്ട്), സുരേന്ദ്രനഗർ (ഒന്ന്), അഹമ്മദാബാദ് (ഒന്ന്), മോർബി (രണ്ട്), ജിഎംസി (ഒന്ന്) എന്നിവിടങ്ങളിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖേഡ, ഗാന്ധിനഗർ, പഞ്ച്മഹലാൻഡ് ജാംനഗർ ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്താണ് ചന്ദിപുര വൈറസ്
റാബ്‌ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതു മാസം മുതൽ 14 വയസു വരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ചന്ദിപുര വൈറസ് ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപിക്കാം. പൊതുവേ മഴക്കാലത്താണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. 1965-ൽ മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിലാണ് ഇത് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്.
ചന്ദിപുര വൈറസ് ലക്ഷണങ്ങൾ
കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ഉടനടി ചികിത്സിച്ചില്ലെങ്കിൽ കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം .
Discussion about this post