യുനസ്‌കോ ലോക പൈതൃക ഉച്ചകോടി ഭാരതത്തില്‍; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി:ലോക പൈതൃക സമിതിയുടെ 46-ാമത് സെഷൻ ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.യുനെസ്‌കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ശനിയാഴ്ച പിഎംഒ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യ ആദ്യമായാണ് ലോക പൈതൃക സമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. 2024 ജൂലൈ 21 മുതൽ 31 വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഇത് നടക്കുക. 195 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, പുരാവസ്തു വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരടക്കം 2,500-ലധികം പ്രതിനിധികള്‍ പങ്കെടക്കും.
സമിതിയുടെ 45-ാമത് സെഷന്‍ സൗദി അറേബ്യയിലെ റിയാദിലാണ് നടന്നത്. 2023 നവംബറില്‍ യുനസ്‌കോയുടെ 24-ാമത് ജനറല്‍ അസംബ്ലിയിലെ തെരഞ്ഞെടുപ്പിന് ശേഷം അര്‍ജന്റീന, ബെല്‍ജിയം, ബള്‍ഗേറിയ, ഗ്രീസ്, ഭാരതം, ഇറ്റലി, ജമൈക്ക, ജപ്പാന്‍, കസാക്കിസ്ഥാന്‍, കെനിയ, ലെബനന്‍, മെക്‌സിക്കോ, ഖത്തര്‍, റിപ്പബ്ലിക് ഓഫ് കൊറിയ, റുവാണ്ട, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, സെനഗല്‍, തുര്‍ക്കിയെ, ഉക്രൈന്‍, വിയറ്റ്‌നാം, സാംബിയ എന്നിവയാണ് സമിതിയിലെ അംഗങ്ങള്‍.
ലോക പൈതൃക കണ്‍വെന്‍ഷന്റെ ചുമതല ഈ കമ്മിറ്റിക്കാണ്. 1972 നവംബര്‍ 16ന് 17-ാം സെഷനില്‍ യുനസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച ലോക സാംസ്‌കാരിക പ്രകൃതി പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷന്റെ കീഴിലാണ് ഇത് സ്ഥാപിതമായത്. ഭാരതത്തില്‍ യുനസ്‌കോയുടെ 42 ലോക പൈതൃക സ്ഥലങ്ങളുണ്ട്.









