ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം സമാപിച്ചിരിക്കുകയാണ്. നികുതിയിളവ് ഉൾപ്പെടെ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ ആണ് ഇക്കുറി ഉണ്ടായത്. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യം സാമ്പത്തിക വളർച്ചയായി എന്തെല്ലാം ചെയ്യണം, പണം എങ്ങിനെ വിനിയോഗിക്കണം എന്നുള്ള കാര്യങ്ങളാണ് ബജറ്റായി അവതരിപ്പിക്കാറുള്ളത്.
പണ്ട് കാലങ്ങളിൽ പേപ്പറിൽ ആയിരുന്നുവെങ്കിൽ മോദി സർക്കാർ വന്നതോട് കൂടി ബജറ്റ് അവതരണം ഡിജിറ്റൽ ആക്കി. ചുരുക്കം ചില പേപ്പർ കോപ്പികൾ മാത്രമാണ് അച്ചടിക്കാറുള്ളത്. പല നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് കേന്ദ്രസർക്കാർ ബജറ്റ് തയ്യാറാക്കാറുള്ളത്. ദിവസങ്ങളോളം നിരവധി സാമ്പത്തിക വിദഗ്ധർ ഒന്നിച്ച് ഇരുന്നാണ് ബജറ്റ് തയ്യാറാക്കാറുള്ളത്. എന്നാൽ അവതരണവേളയിൽ അല്ലാതെ ഇതിന്റെ യാതൊരു വിശദാംശവും പുറത്തുവരാറില്ല. അതുകൊണ്ട് തന്നെ രഹസ്യസ്വഭാവമുള്ള രേഖയാണ് ബജറ്റ് എന്ന് മനസിലാക്കാം. എന്നാൽ എങ്ങിനെയാണ് ബജറ്റ് അവതരണ വേളവരെ ബറ്റിലെ വിവരങ്ങൾ രഹസ്യമായി തുടരുന്നത്?. നമുക്ക് നോക്കാം.
ദിവസങ്ങളോളം സമയം എടുത്താണ് ധനമന്ത്രാലയം ബജറ്റ് തയ്യാറാക്കാറുള്ളത് എന്ന് നേരത്തെ പറഞ്ഞു. ബജറ്റ് തയ്യാറാക്കാൻ ആരംഭിച്ചാൽ ധനമന്ത്രാലയത്തിന് ചുറ്റുമുള്ള സുരക്ഷ കൂടുതൽ ശക്തമാക്കും. ബജറ്റ് അവതരണത്തിന് 15 ദിവസം മുൻപ് തന്നെ ധനമന്ത്രി, ധനകാര്യ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഓഫീസുകൾക്ക് മുൻപിൽ സെൻട്രൽ ഇൻഡസ്ട്രിയൽ ഫോഴ്‌സ്, ഇന്റലിജൻസ് ബ്യൂറോ എന്നിവരായിരിക്കും സുരക്ഷയൊരുക്കുക. 24 മണിക്കൂറും ഇവരുടെ നേതൃത്വത്തിൽ ഓഫീസുകളിൽ പട്രോളിംഗ് നടക്കും. മഫ്തിയിൽ ആയിരിക്കും ഇവർ ഓഫീസുകൾക്ക് മുൻപിൽ വിന്യസിക്കുക. ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ചോരാതെ സംരക്ഷിക്കേണ്ടത് യഥാർത്ഥത്തിൽ ഇവരുടെ ചുമതലയാണ്.
ബജറ്റുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ച് കഴിഞ്ഞാൽ പിന്നീട് ധനമന്ത്രാലയത്തിലും ഇതോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും. ജീവനക്കാരെ ഉൾപ്പെടെ കർശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കാറുള്ളൂ.
ബജറ്റ് അവതരണം അടുത്താൽ ധനമന്ത്രാലയവും പരിസരവും നിരോധിത മേഖലയായി പ്രഖ്യാപിക്കും. ജോയിന്റ് സെക്രട്ടറി തലത്തിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ പിന്നീട് ഇവർക്ക് പ്രവേശനം ഉള്ളൂ. ബജറ്റ് അവതരണത്തിന്റെ 24 മണിക്കൂർ മുൻപ് മാത്രമാണ് ബജറ്റിന്റെ കോപ്പികൾ ബന്ധപ്പെട്ടവർക്ക് നൽകുക. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കാബിനറ്റ് മന്ത്രിമാർ എന്നിവർക്കും ഒരു കോപ്പി പാലർലമെന്റ് ടേബിളിലേക്കും നൽകും.
ഇപ്പോൾ ഡിജിറ്റലായി ആണ് അവതരിപ്പിക്കാറ് എങ്കിലും പേപ്പർ കോപ്പികളും അച്ചടിയ്ക്കാറുണ്ട്. ഇതും അതീവ രഹസ്യമായിട്ടാണ് ചെയ്യാറുള്ളത്.
ഇക്കാലമത്രയും ബജറ്റ് രേഖയുടെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാൻ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് എങ്കിലും ചോർന്ന സംഭവവും ഉണ്ടായിട്ടുണ്ട്. 1947-48 സാമ്പത്തിക വർഷത്തെ ബജറ്റും, 1950-51 വർഷത്തെ ബജറ്റുമാണ് ചോർന്നത്.
Discussion about this post