ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും റഡാർ സിഗ്നൽ ലഭിച്ചതായി റിപ്പോർട്ട്. പുഴക്കുള്ളിലെ മൺകൂനയിൽ നിന്നുമാണ് നാവികസേന നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ചത്. സിഗ്നൽ ലഭ്യമായ സ്ഥലത്ത് നാളെ വിശദമായ പരിശോധന നടത്തും.
നാളെ ഇന്റലിജന്റ് ഒബ്ജക്ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് പരിശോധന നടത്താനാണ് തീരുമാനമായിട്ടുള്ളത്. ആർമി മേജർ ജനറൽ ആയിരുന്ന എം ഇന്ദ്രബാലിന്റെ സഹായവും ദൗത്യസേന തേടിയിട്ടുണ്ട്. അദ്ദേഹം നാളെ ഷിരൂരിൽ എത്തിച്ചേരും. ജിപിആർ ടെക്നോളജി ഉപയോഗിച്ച് പുഴയ്ക്കടിയിൽ നിന്നും ലോറി കണ്ടെത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് നിലവിൽ ദൗത്യസംഘം.
കാലാവസ്ഥ മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ തന്നെ ഇന്ത്യൻ സൈന്യവും നാവികസേനയും പുഴയിൽ ഇറങ്ങി തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനിടെ നദി ഗതി മാറി ഒഴുകിയത് തിരച്ചിൽ ദുഷ്കരമാക്കിയിരുന്നു.








