മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബൗളിംഗ് നിരയിലെ സൂപ്പർ താരമാണ് മുഹമ്മദ് ഷമി. അപകടത്തെ തുടർന്ന് പരിക്ക് പറ്റിയ താരം ഇപ്പോൾ കരിയറിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഷമിയുടെ കരിയറിലെ കറുത്ത ദിനങ്ങളെക്കുറിച്ചു ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാർ.
പാകിസ്താനെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഒത്തുകളിച്ചെന്ന ആരോപണം ഉയർന്ന രാത്രിയിൽ, ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കടുംകൈ ചെയ്യാൻ തുനിഞ്ഞതായാണ് വെളിപ്പെടുത്തൽ. യുട്യൂബർ ശുഭാങ്കർ മിശ്രയുടെ ‘അൺപ്ലഗ്ഡ്’ എന്ന പോഡ്കാസ്റ്റിലാണ് ഷമിയുടെ സുഹൃത്ത് ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. ഷമിക്കെതിരായ ആരോപണം അധികൃതർ അന്വേഷിക്കാൻ തീരുമാനിച്ച അന്നു രാത്രി, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഷമി 19ാം നിലയുടെ ബാൽക്കണിയിൽനിന്ന് ചാടാനൊരുങ്ങി എന്നാണ് വെളിപ്പെടുത്തൽ.
പുലർച്ചെ നാലു മണിക്കു ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു ആ കാഴ്ച കണ്ടത്. ഞാൻ അടുക്കളിയിലേക്കു പോകവെയാണ് ഷമി ബാൽക്കണിയിൽ കയറി നിൽക്കുന്നത് കണ്ടത്. ഞങ്ങൾ താമസിച്ച ഫഌറ്റിന്റെ 19ാമത്തെ നിലയിലായിരുന്നു അത്. എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലായി. ഷമിയുടെ കരിയറിലെ ഏറ്റലും ദൈർഘ്യമേറിയ രാത്രിയും അതായിരിക്കുമെന്നു എനിക്കു തോന്നുന്നുവെന്നാണ് സുഹൃത്ത് പറയുന്നത്.
ഒത്തുകളിയാരോപണം വരികയും അന്നു രാത്രി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ഷമി തകർന്നു പോയി. എനിക്കു എന്തും സഹിക്കാൻ കഴിയും പക്ഷെ സ്വന്തം രാജ്യത്തെ ചതിച്ചുവെന്ന ആരോപണങ്ങൾ മാത്രം സഹിക്കാൻ പറ്റില്ലെന്നും ഷമി പറഞ്ഞതായി ഉമേഷ് വെളിപ്പെടുത്തുന്നു.
ഭാര്യ ഹസിൻ ജഹാനായിരുന്നു അദ്ദേഹത്തിനെതിരേ രംഗത്തുവന്നത്. ഒത്തുകളിക്കുന്നതിനായി ദുബായിൽ വച്ച് ഒരു പാകിസ്താൻ വംശജനിൽ നിന്നും ഷമി പണം കൈപ്പറ്റിയെന്നും ഹസിൻ ആരോപിച്ചിരുന്നു. ഇതേ തുടർന്നു ഷമിക്കെതിരേ ബിസിസിഐ അന്വേഷണം നടത്തുകയും ഒടുവിൽ അദ്ദേഹം നിരപരാധിയാണെന്നു വ്യക്തമാവുകയും ചെയ്യുകയായിരുന്നു.
Discussion about this post