ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ട മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തിവച്ചു. ബുധനാഴ്ച രാത്രി വൈകിയും തിരച്ചിൽ നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മേഖലയിൽ ശക്തമായ മഴയും കാറ്റും ദൗത്യത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഓരോ നിമിഷവും എന്ന കണക്ക് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഷിരൂരിലെ ദൗത്യത്തിൽ കഴിഞ്ഞ അഞ്ചുദിവസത്തോളമായി തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
നാളെ രാവിലെ തന്നെ ദൗത്യം വീണ്ടും പുനരാരംഭിക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ കനത്ത കുത്തൊഴുക്കാണ് ഗംഗാവലി പുഴയിലുള്ളത്. നാവികസേനയ്ക്കും ഡൈവിംഗ് സംഘത്തിനും പുഴയുടെ ആഴത്തിലിറങ്ങി പരിശോധിക്കാൻ ഈ കനത്ത കുത്തൊഴുക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. നിലവിൽ ബൂം എസ്കവേറ്റർ ഉപയോഗിച്ച് മണ്ണ് മാറ്റുന്ന ദൗത്യം തുടരുന്നുണ്ട്.
നാളത്തെ ദൗത്യത്തിൽ ആദ്യം നാവികസേനയിലെ ഡൈവിംഗ് വിദഗ്ധർ ട്രക്കിന്റെ ക്യാബിനിൽ അർജുൻ ഉണ്ടോ എന്നുള്ള കാര്യം സ്ഥിരീകരിക്കുന്നതായിരിക്കും. തുടർന്ന് ട്രക്ക് മുകളിലേക്ക് കയറ്റുന്നതിനായി ഇപ്പോൾ പ്ലാറ്റ്ഫോം ഒരുക്കുന്നതിനാണ് ബൂം എസ്കവേറ്റർ ഉപയോഗിച്ച് മണ്ണ് മാറ്റുന്നത്. സൈന്യത്തിന്റെ പ്രത്യേക ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ആയിരിക്കും ട്രക്ക് മുകളിലേക്ക് ഉയർത്തുക. നാളത്തെ ദൗത്യത്തിൽ മൊബൈൽ ഫോണുകൾക്കും മാദ്ധ്യമങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ടാകും എന്ന് ഷിരൂർ എംഎൽഎയും ഉത്തരകന്നഡ എസ്പിയും അറിയിച്ചു. ദൗത്യത്തിന്റെ വിവരങ്ങൾ ഓരോ മണിക്കൂറിലും മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.








