പാരിസ് : പാരീസ് ഒളിമ്പിക്സിൽ നിന്നും ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ ജാനിക് സിന്നർ പിന്മാറി. ജാനിക് സിന്നറിന്റെ ആദ്യ ഒളിമ്പിക്സ് മത്സരമായിരുന്നു പാരിസിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ താരം അസുഖബാധിതയായതിനെ തുടർന്നാണ് പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറിയിരിക്കുന്നത്.
ടോൺസിലൈറ്റിസ് ബാധയെ തുടർന്നാണ് ജാനിക് സിന്നറിനെ ഒളിമ്പിക്സ് മത്സരത്തിൽ നിന്നും പിന്മാറാനായി ആരോഗ്യവിദഗ്ധർ ഉപദേശിച്ചിട്ടുള്ളത്. താൻ കടുത്ത നിരാശയിൽ ആണെന്നും ഈ സീസണിലെ തന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു പാരിസ് ഒളിമ്പിക്സ് എന്നും ജാനിക് സിന്നർ പ്രതികരിച്ചു. ഗെയിംസിന് മുന്നോടിയായി മൊണാക്കോയിൽ ഒരാഴ്ചയോളം സിന്നർ പരിശീലനവും നടത്തിയിരുന്നു എങ്കിലും കഴിഞ്ഞ ദിവസമാണ് അസുഖം നിർഭാഗ്യമായി കടന്നുവന്നത്.
ഇറ്റാലിയൻ ടെന്നീസ് താരമായ ജാനിക് സിന്നർ നിലവിൽ ലോക ഒന്നാം നമ്പർ സിംഗിൾസ് താരമാണ്. 2024ലെ ഓസ്ട്രേലിയ ഓപ്പൺസ് കിരീടവും ജാനിക് സിന്നർ ആയിരുന്നു സ്വന്തമാക്കിയിരുന്നത്. ഒരു ഗ്രാൻഡ് സ്ലാം കിരീടവും രണ്ട് മാസ്റ്റേഴ്‌സ്1000 കിരീടങ്ങളും ഉൾപ്പെടെ എടിപി മത്സരങ്ങളിൽ 14 സിംഗിൾസ് കിരീടങ്ങൾ സിന്നർ ഇതുവരെ നേടിയിട്ടുണ്ട്.
Discussion about this post