തിരുവനന്തപുരം : ഇരുചക്രവാഹനങ്ങൾക്ക് പിറകിൽ ഇരുന്ന് , ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിർദേശം ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സർക്കുലറുകളാണിത് എന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ഈ സർക്കുലർ പ്രായോഗികമല്ലെന്നും മന്ത്രി എന്ന നിലയിൽ ഈ സർക്കുലറിനെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന സർക്കുലർ മാത്രമാണിത്. നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ലെന്നും ഗണേഷ് ചൂണ്ടിക്കാണിച്ചു. ഇരുചക്ര വാഹനം ഒാടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ ഈടാക്കണമെന്നും നടപടി എടുക്കണമെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്. ഇരു യാത്രക്കാരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ സർക്കുലർ വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.
നിലവിലെ സാഹചര്യത്തിൽ പിഴ ഈടാക്കുമോ എന്ന കാര്യത്തിൽ എംവിഡി അധികൃതർക്കും കൃത്യമായ ഉത്തരമില്ല. ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നതും വെല്ലുവിളിയാണ്. പ്രത്യേകിച്ച് നിരത്തുകളിൽ ഇത്തരം സംസാരങ്ങൾ പതിവാണ് എന്നതിനാൽ തന്നെ നിയമലംഘനത്തിന്റെ പരിധിയിൽ പെടുത്തിയാൽ 90 ശതമാനം ഇരുചക്ര വാഹന യാത്രക്കാർക്ക് എതിരെയും കേസടുക്കേണ്ടി വരുമെന്നാണ് പലരും പറയുന്നത്.
Discussion about this post