തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കൊല്ലം സ്വദേശിനി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനിൽ നിന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയി.
വലപ്പാട് മണപ്പുറം കോംപ്ടെക് ആൻസ് കൺസൾട്ടൻസി ലിമിറ്റഡിലാണ് ധന്യ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സ്ഥാപനം പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ധന്യ താമസിച്ചിരുന്ന തൃശൂരിലെയും കൊല്ലത്തെയും വീടുകളിൽ അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. പ്രതിയുടെ കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് ധന്യയ്ക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി അന്വേഷണം നടത്തുന്നതിനിടെയാണ് ധന്യ പോലീസിൽ കീഴടങ്ങിയത്.
തട്ടിപ്പ് നടത്തിയ പണം ആഡംബര ജീവിതത്തിനും ഓൺലൈൻ ഗെയിമുകൾക്കുമായാണ് ധന്യ ഉപയോഗിച്ചിരുന്നത്. വലപ്പാട് സ്ഥലം വാങ്ങി വീട് വച്ചിരുന്നു. ഈ സ്ഥലത്തിന് സമീപത്ത് പാർക്കിംഗിന് വേണ്ടി മാത്രം അഞ്ച് സെന്റ് സ്ഥലം ധന്യ വാങ്ങിയിരുന്നു. ആഡംബര വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് ധന്യയ്ക്ക് സ്വന്തമായുള്ളതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post