മുംബൈ : 26 ാമത്തെ വിവാഹത്തിന് ഒരുങ്ങവെ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ. മുംബൈയിലാണ് സംഭവം. ഫിറോസ് ഇല്യാസ് ഷെയ്ഖ്(48) ആണ് പോലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഈ യുവതിയെ വിവാഹം ചെയ്ത ശേഷം കാറും ലാപ്‌ടോപ്പും വാങ്ങാൻ എന്ന് പറഞ്ഞ് ഏഴര ലക്ഷം രൂപ കൈക്കലാക്കി ഇയാൾ മുങ്ങി. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതിന് മുൻപ് 25 യുവതികളെ വിവാഹം കഴിച്ച് കബളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
മാട്രിമോണി സൈറ്റുകളിലൂടെയാണ് പ്രതി യുവതികളുമായി പരിചയപ്പെടുക. വിവാഹ ബന്ധം വേർപ്പെടുത്തിയവരും വിധവകളുമാണ് പ്രതിയുടെ പ്രധാന ലക്ഷ്യം. ഇവരെ വിവാഹം കഴിച്ചതിന് ശേഷം യുവതികളുടെ പണവും ആഭരണങ്ങളും മൊബൈൽ ഫോണും മറ്റുമായി മുങ്ങുകയാണ് ഫിറോസിന്റെ രീതി.
ഇയാളുടെ അതേ രീതി പ്രയോഗിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഒരു സ്ത്രീയുടെ പേരിൽ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. തട്ടിപ്പിനിരയായ സ്ത്രീകളുടെ എടിഎം കാർഡുകൾ, ചെക്ക് ബുക്ക്, ആഭരണങ്ങൾ തുടങ്ങിയവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
ഫിറോസ് പൂനെയിൽ നിന്ന് നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, താനെ, അർണാല, നല്ല സോപാര എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ഇയാൾക്കെതിരെ ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.










Discussion about this post