വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിനുള്ളിൽ നൂറിലേറെ പേർ പെട്ടുകിടക്കുന്നതായി പരാതി. തങ്ങൾ മണിക്കൂറുകളായി റിസോർട്ടിന്റെ മുകളിൽ നിൽക്കുകയാണെന്നും രക്ഷാപ്രവർത്തകർ ഇതുവരെ എത്തിയിട്ടില്ല എന്നും സംഘത്തിലെ ചിലർ മാദ്ധ്യമങ്ങളെ വിളിച്ച് അറിയിക്കുകയായിരുന്നു. മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് തങ്ങളെ ഇവിടെ നിന്നും രക്ഷിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഉരുൾപൊട്ടൽ കാര്യമായി ബാധിച്ച മുണ്ടക്കൈയിലെ സ്വദേശികൾ അടക്കമുള്ളവരാണ് റിസോർട്ടിൽ അഭയം പ്രാപിച്ചിരിക്കുന്നത്. മണിക്കൂറുകളായി തങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും സഹായത്തിനായി ആരെയെങ്കിലും വിളിക്കാൻ മൊബൈലിൽ ചാർജ് പോലും ഇല്ലാത്ത അവസ്ഥയിലാണെന്നും സംഘത്തിലുള്ളവർ അറിയിക്കുന്നു. ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് രക്ഷപ്പെടാനായി റിസോർട്ടിലേക്ക് ഓടി കയറിയവരാണ് ഇവരിൽ ഭൂരിഭാഗവും.
അതേസമയം മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ മോശമായി തുടരുന്നതിനാൽ എയർ ലിഫ്റ്റിംഗ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ബുദ്ധിമുട്ട് നേരിടുന്നതായും ദുരന്തരക്ഷാസേന അറിയിച്ചു.
Discussion about this post