‘കുഞ്ഞി കൈകാലുകൾ മാത്രമാണ് കിട്ടിയത്’ എങ്ങനെ തിരിച്ചറിയാനാണ്…. ചാലിയാറിലേക്ക് ഒഴുകിയെത്തിയത് 25 ലധികം മൃതദേഹങ്ങൾ: നെഞ്ചുലയ്ക്കും കാഴ്
ബത്തേരി: വയനാട്ടിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ ഞെട്ടലിലാണ് മലയാളികൾ. ഇത് വരെ 70 ലധികം ജീവനുകൾ ആണ് നഷ്ടപ്പെട്ടത്. രക്ഷാപ്രവർത്തനം ദുഷ്ക്കരമായതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെ മലപ്പുറത്തേക്കും ഒഴുകിയെത്തി.
മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ കണ്ടെത്തിയത് 20 മൃതദേഹങ്ങളാണ്. കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങൾ ആരുടെയും മനസ് തകർക്കുന്ന കാഴ്ചയായി. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും ഈ കൂട്ടത്തിലുണ്ട്. കൈകാലുകളും വികൃതമായ ശരീരഭാഗങ്ങളും മാത്രം ഉപയോഗിച്ച് എങ്ങനെയാണ് പൊന്നോമനയെ തിരിച്ചറിയുകയെന്ന വേദനയിലാണ് രക്ഷാപ്രവർത്തകർ.
ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞതായി വിവരങ്ങൾ ഉണ്ട്.ചാലിയാർ പുഴയിൽ കണ്ടെത്തിയത് വയനാട്ടിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ തന്നെയാണെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളിൽ പലതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ സ്ഥിതിയെന്ന് സംഭവസ്ഥലത്തുള്ള ടി.സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു.
അതേസമയം ദുരന്തബാധിത പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ആര്‍ഡി മേഘശ്രീ അറിയിച്ചു. സൈന്യം , എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്
Discussion about this post