തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ . സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട് . അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ അതത് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31.07.2024 ന് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിക്കുകയായിരുന്നു.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കുന്നതിൽ ശ്രദ്ധിക്കണം.
കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണ്.
Discussion about this post